കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് രാഷ്ട്രീയമെന്നാല്‍ മനുഷ്യത്വം എന്നാണെന്ന് നടനും എംഎല്‍എയുമായ രമേഷ് പിഷാരടി. 70 വര്‍ഷം കൊണ്ട് പക്ഷേ രാഷ്ട്രീയത്തില്‍ വലിയ പരിണാമം സംഭവിച്ചില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും മനോരമന്യൂസ് കോണ്‍ക്ലേവ് 2026 ല്‍ പറഞ്ഞു. എതിര്‍ക്കുന്നതിനെ നേതൃത്വ പാടവമായി കാണുന്ന രീതി സ്വാതന്ത്ര്യാനന്തരം മുതല്‍ രാഷ്ട്രീയത്തിലുണ്ടായെന്നും അത് സമൂഹം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പിനപ്പുറം ഭരണപരമായ കാര്യങ്ങള്‍ കൂടി ചേര്‍ന്നതാണ് രാഷ്ട്രീയമെന്ന് തിരിച്ചറിയണമെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. Also Read: ഹോർമുസില്‍ ഇന്ത്യൻ കരുത്ത്; 30 കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് നാവികസേനാ മേധാവി
ഏഴു പതിറ്റാണ്ടു കൊണ്ട് കേരളം അതിവേഗം മാറിയെന്നും കോവിഡ് വ്യാപിച്ച പോലെ ലോകം മുഴുവന്‍ മലയാളിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. കണക്കുകൂട്ടാവുന്നതിനുമപ്പുറം വേഗത്തില്‍ സമൂഹം മാറിയെങ്കിലും അതേ സ്പീഡില്‍ മാനസികമായ പരിവര്‍ത്തനമുണ്ടായിട്ടുണ്ടോയെന്നതില്‍ സംശയമുണ്ടെന്നും പിഷാരടി വിശദീകരിച്ചു. മാറ്റാന്‍ നോക്കിയ ഒരുപാട് കാര്യങ്ങള്‍ ആധുനീക സൗകര്യങ്ങളുടെ പിന്തുണയോടെ സമൂഹത്തില്‍ തിരികെ കൊണ്ടുവരുന്നു. മാധ്യമവും ഭൗതിക സാഹചര്യവും മാറിയെങ്കിലും മനസ് പലപ്പോഴും പഴയ സ്ഥലത്താണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം ആളുകളെങ്കിലും കുറച്ച് സ്ലോയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ കാലത്ത് സന്തോഷത്തിന് കണക്കുണ്ടായെന്നും അത് താരതമ്യം ചെയ്യുന്നതിനെ തുടര്‍ന്ന് മനുഷ്യന്‍ സമ്മര്‍ദത്തിലാകുന്നുവെന്നും പിഷാരടി അഭിപ്രായപ്പെട്ടു. മലയാളഭാഷ ഉണ്ടായതിന് ശേഷമുണ്ടായ ഉല്‍പ്പന്നങ്ങള്‍ക്ക് മലയാള വാക്കുകളില്ലെന്നും കലര്‍ന്ന് കലര്‍ന്നാണ് ഭാഷയിങ്ങനെയായതെന്നും പിഷാരടി പറയുന്നു.
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. അറിവും വിവരവും തമ്മില്‍ ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും മലവെള്ളപ്പാച്ചില്‍ പോലെ ജനങ്ങളിലേക്ക് എത്തിയെന്നും ഇവയില്‍ ഭൂരിഭാഗവും അറിവുകളേയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.