ആലപ്പുഴ അമ്പലപ്പുഴയില്‍ വീടിന് സമീപത്തെ റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടി ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംശയങ്ങൾ ഉന്നയിച്ച് സമീപവാസികൾ. കാക്കാഴം പുതുവൽ വിനീതിന്‍റെയും സൂര്യയുടെയും ഏക മകൻ ദ്രിനവ് ഇന്നലെയാണ് കൊല്ലം മെമു ട്രെയിൻ തട്ടി മരിച്ചത്. 

സ്വന്തം വീട്ടിൽ വെച്ചായിരുന്നില്ല കുട്ടിക്ക് അപകടമുണ്ടായത്. അമ്മ ജോലിക്കുന്ന പോകുന്ന സമയം അമ്മൂമ്മയുടെ വീട്ടിലാണ് കുട്ടിയെ ഏൽപ്പിക്കാറുള്ളത്. അമ്മൂമ്മയുടെ  അയൽവാസികളാണ് കുട്ടിയെ കൂടുതൽ നേരവും നോക്കുന്നത്. ഈ വീടും റെയിൽവേ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ലായിരുന്നു. എന്നാൽ റെയിൽ പാളത്തിലേക്കുള്ള ഉയരമുള്ള തിട്ട കുട്ടി ഇതുവരെ തനിയെ കയറിയിട്ടില്ല എന്നാണ് ഇവർ പറയുന്നത്.

'കുട്ടി മുറ്റത്ത് നിന്ന് കളിക്കുവാരുന്നു, എന്‍റെ കണ്ണൊന്ന് തെറ്റിയപ്പോഴാണ് കാണാതായത്' എന്ന് കുട്ടിയെ ആ സമയം നോക്കിയിരുന്ന അയൽവാസി പറയുന്നു. ഒന്നരവയസുകാരൻ വേഗത്തിൽ നടക്കുമായിരുന്നു. എന്നാൽ ഇത്രയും ഉയരം വലിഞ്ഞു കയറുമെന്ന് വിചാരിച്ചില്ല, അങ്ങനെ കയറുന്നത് ഇതുവരെ കണ്ടിട്ടില്ല എന്നും അയൽവാസി പറഞ്ഞു. കുട്ടിക്ക് ട്രെയിൻ പേടിയായിരുന്നുവെന്നും ട്രെയിനിന്‍റെ ശബ്ദം കേൾക്കുമ്പോൾ വീടിനുള്ളിലേക്ക് ഓടി കയറുമായിരുന്നു എന്നും കുട്ടിയെ നോക്കിയിരുന്ന അയൽവാസിയായ സ്ത്രീ പറഞ്ഞു.

കുഞ്ഞിന്‍റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. സംസ്കാരം ഇന്ന് നടക്കും. മകന്‍റെ മരണവാർത്തയറിഞ്ഞ് തളർന്നുവീണ പിതാവ് വിനീതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Alappuzha accident concerns are being raised by neighbors following the death of a 1.5-year-old child who was hit by a train near the railway tracks in Ambalappuzha. Investigations are underway as local residents express doubts about how the child reached the tracks.