ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഓപ്പൺ ലൈബ്രറി പ്രവർത്തനമാരംഭിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം (NSS) ആലപ്പുഴ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ 'പുസ്തകത്തണൽ' എന്ന പേരിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എസ്. സന്തോഷ് കുമാർ നിർവ്വഹിച്ചു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയിലെ ഒഴിവുസമയങ്ങളിൽ വായനയുടെ ലോകത്തേക്ക് കടന്നുചെല്ലാൻ സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ നോവൽ, ചെറുകഥ, നാടകം, കവിത തുടങ്ങി വിവിധ സാഹിത്യ വിഭാഗങ്ങളിലായി ആയിരത്തഞ്ഞൂറിലധികം (1500+) പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റീയർമാരാണ് പുസ്തകശേഖരണത്തിന് നേതൃത്വം നൽകിയത്.
ജില്ലയിലെ 104 വിദ്യാലയങ്ങളിൽ നിന്നായി 'ഒരു വോളന്റീയർ ഒരു പുസ്തകം' എന്ന രീതിയിലാണ് ഇത്രയും വലിയ പുസ്തകശേഖരം സമാഹരിച്ചത്. എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ജി. അശോക് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പെരുമ്പളം ദ്വീപിലാണ് എൻ.എസ്.എസിന്റെ അടുത്ത ഓപ്പൺ ലൈബ്രറി യാഥാർത്ഥ്യമാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിലെ വിവിധ പൊതുയിടങ്ങളിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ വിജയകരമായി ഓപ്പൺ ലൈബ്രറികൾ സ്ഥാപിച്ച് വരുന്നുണ്ട്. മെഡിക്കൽ കോളേജിലെ ഈ പുതിയ സംരംഭം ചികിത്സയിലിരിക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മാനസിക ആശ്വാസവും മികച്ച വായനാനുഭവവും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.