raju-davis

തൃശൂരിൽ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമെതിരെ സ്‌കൂൾ ഉടമയുടെ അധിക്ഷേപം. മാള ‘ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ’ ഉടമ ഡോ.രാജു ഡേവിസാണ് വിവാദ പരാമർശം നടത്തിയത്. മാതാപിതാക്കളുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഇയാൾ സന്ദേശം പങ്കുവെച്ചത്. 

സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ എല്ലാ കുട്ടികളുമെത്താത്തതാണ് സ്‌കൂൾ ഉടമയായ രാജു ഡേവിസിനെ പ്രകോപിപ്പിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകൂ എന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിൽ എത്താത്തവരെ ഇനി ക്ലാസിൽ കയറ്റില്ലെന്നും വിശദീകരണം നൽകണമെന്നും രാജു ഡേവിസിന്റെ സന്ദേശത്തിലുണ്ട്. Also Read: അവധിക്കെത്തി ഭാര്യയെ കൊന്ന് ജവാന്‍; ജീവനൊടുക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം

'സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാനായി എല്ലാ റൂട്ടിലേക്കും സ്‌കൂൾ ബസ് അയച്ചിരുന്നു. അതിനായി ഒരു ലക്ഷം രൂപ ചെലവുണ്ട്. അത് വേണമെങ്കിൽ എനിക്ക് പോക്കറ്റിൽ വെയ്ക്കാമായിരുന്നു. എന്നാൽ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കാൻ വേണ്ടിയാണ് ആ രൂപ ചെലവഴിച്ചത്. എന്നാൽ പകുതിയിലേറെ മാതാപിതാക്കളും കുട്ടികളെ സ്‌കൂളിൽ വിട്ടില്ല. നിങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും വേണം, എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പറ്റില്ല'- രാജു ഡേവിസ് പറയുന്നു.

'ഒരു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതിനെ ധിക്കരിച്ച് വീട്ടിൽ ഇരിക്കുക എന്ന് പറയുന്നത് വളരെ മോശം കാര്യമാണ്. അങ്ങനെയുള്ളവർ ഇവിടെ ജീവിക്കേണ്ട, പാകിസ്ഥാനിലേക്കും പോണം. നിങ്ങളുടെ കുട്ടികൾ ധിക്കാരികളും അഹങ്കാരികളും ആയതിന് കാരണം ഇങ്ങനെയുള്ള അവസരങ്ങൾ നിങ്ങൾ അവർക്ക് നൽകാത്തതുകൊണ്ടാണ്'- രാജു ഡേവിസ് ശബ്ദ സന്ദേശത്തിൽ പറയുന്നു. സംഭവം വിവാദമായതോടെ മാള എസ്എഫ്ഐ ഏരിയ കമ്മിറ്റി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ENGLISH SUMMARY:

A school owner in Thrissur, Dr. Raju Davis, has been accused of insulting students and parents for not attending the Independence Day celebration. The school owner, who also runs Maala International and Sainik School, allegedly sent an audio message to the parents' WhatsApp group stating that those who did not attend should go to Pakistan.