gulfind

ഇന്ത്യയുടെ 80–ാം സ്വാതന്ത്ര്യദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ച് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ ഡോ. ദീപക് മിത്തലും ദുബായ് കോൺസുലേറ്റിൽ കോൺസൽ ജനറൽ ഡോ. എമ്മാഡി വിഷ്ണുവർധൻ റെഡ്ഡിയും ദേശീയ പതാക ഉയർത്തി. മലയാളികളടക്കം നൂറുകണക്കിന് പ്രവാസികളാണ് വിവിധ നയതന്ത്ര കാര്യാലയങ്ങളിലെത്തി സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായത്.

അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ കോൺസുലേറ്റിലും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ദേശഭക്തിഗാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. 

സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ അംബാസഡർ വിപുൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുവൈത്തിൽ അംബാസഡർ പരമിത ത്രിപതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിലും മഹാത്മാഗാന്ധിയുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി. ബഹ്റൈനിൽ നടന്ന വിപുലമായ ആഘോഷങ്ങളിൽ അംബാസഡർ വിനോദ് കെ. ജേക്കബും ഒമാനിൽ അംബാസഡർ പ്രശാന്ത് പിസെയും ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലും ഒമാൻ അംബാസഡർ പങ്കെടുത്തു. ഖത്തറിലും വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്.