walayar-palakkad-two-wild-elephants-hit-and-killed-by-train

കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ  ട്രെയിൻ ഇടിച്ചു കയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. അർധരാത്രിയോടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ആനകളെ ഇടിച്ചത്. അപകടത്തിൽ ആനകളുടെ ജഡം എൻജിനിൽ കുടുങ്ങിയതിനെ തുടർന്ന് ഈ പാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. വനമേഖലയിൽ നിന്ന് ജനവാസമേഖലയിലിറങ്ങി തിരികെ കാടുകയറുന്നതിനിടയിലാണ് ആനകൾ അപകടത്തിൽപ്പെട്ടത്.

ഈ പാതയിൽ രാത്രികാലങ്ങളിൽ ട്രെയിനുകൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത് എന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഫെബ്രുവരി മാസത്തിലും വാളയാർ മഹാൻ പാർക്കിന് സമീപം സമാനമായ രീതിയിൽ ട്രെയിൻ തട്ടി ആന ചരിഞ്ഞിരുന്നു. ഈ വർഷം ട്രെയിൻ ഇടിച്ചു ആനകൾ ചരിയുന്ന രണ്ടാമത്തെ സംഭവമാണിത്.

പാളത്തിൽ നിന്നു മാറ്റിയ ജഡങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂരിൽ നിന്നും വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വാളയാർ റെയ്ഞ്ച് ഓഫിസറും തമിഴ്‌നാട്ടിൽ നിന്നുള്ള വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് അതിർതിയോട് ചേർന്നുള്ള പ്രദേശത്താണ് ഈ അപകടം നടന്നിട്ടുള്ളത്.

ENGLISH SUMMARY:

Two wild elephants were struck and killed by a train near the Puthupathi railway track in Walayar, Palakkad. The tragic incident occurred while the animals were attempting to cross the railway tracks. The collision involved the Mangaluru-Chennai Express as it passed through the area during the early morning hours.