ലയണൽ മെസിയുടെ പേരിലുണ്ടായ തട്ടിപ്പിൽ ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇതുസംബന്ധിച്ച് കായിക വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഉചിതമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടി വെട്ടിപ്പ് വ്യക്തമായി, പദ്ധതിക്കായി കരാർ നൽകിയത് യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ഈ വിഷയത്തിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർന്ന് ഏഴുമാസത്തോളം അന്വേഷണം പൂർണ്ണമായും മരവിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വാർത്തകളുടെ സെൻസറിങ്ങിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താൻ പറഞ്ഞിട്ടല്ല ആരുടെയും മെറ്റ പോസ്റ്റുകൾ മാറ്റുന്നതെന്നും അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ പരാതി നൽകാം. അങ്ങനെയുള്ള പക്ഷം സർക്കാർ അതിന് പൂർണ്ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്ദേമാതരം മുഴുവൻ പാടുമോയെന്ന കാര്യം വരുന്ന 15-ാം തീയതിയറിയാം എന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഇതുസംബന്ധിച്ച സർക്കാരിന്റെ നിലപാട് വ്യക്തമാക്കുമെന്നും, സർക്കാരിനും യുഡിഎഫിനും സ്വന്തം നയങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യദിനത്തിൽ കാര്യങ്ങൾ നേരിട്ട് കാണാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്തെ പിഎസ്‌സി പ്രവർത്തനങ്ങൾക്കെതിരെയും മുഖ്യമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. വെറും 500 ഒഴിവുകൾ മാത്രമുള്ളപ്പോൾ 15,000 പേരുടെ പട്ടിക തയ്യാറാക്കുന്ന രീതിയാണ് ഉള്ളത്. കൂടാതെ, സംസ്ഥാനത്ത് ആയിരത്തിലധികം പ്രൊട്ടക്റ്റഡ് അധ്യാപകർ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കരമാര്‍ഗമുള്ള ചരക്കുനീക്കം ഓഗസ്റ്റ് 18ന് ആരംഭിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു ഇതിന്റെ ഭാഗമായി കസ്റ്റംസ് കമ്മീഷണറേറ്റ് ആവശ്യമായ പബ്ലിക് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. തുറമുഖത്തിനുള്ളിൽ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതിന് അഞ്ചുകോടി രൂപയിലധികം അധിക ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി നഗരം-2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു.
ദ മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻസ് അമൻഡ്മെന്റ് ബിൽ' സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നും, തീരദേശവും വനവും ഒഴിവാക്കാതെ നടത്തുന്ന ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകൾ പരിശോഗിച്ചുവരികയാണെന്നും ഹ്രസ്വകാല-ദീർഘകാല പരിഹാരങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും വീടും നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.