എൻഎസ്എസ് വിഷയത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വീണ്ടും മുൻ മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെ ബി ഗണേഷ് കുമാർ. പത്തനാപുരത്ത് തന്നെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയത് സുകുമാരൻ നായരാണ്. എൻഎസ്എസിനെ നശിപ്പിക്കുന്ന അദ്ദേഹത്തെ പുറത്താക്കാൻ അധികാരമുള്ളത് പെരുന്നയിലെ കരയോഗങ്ങൾക്ക് മാത്രമാണ്. 

 

ആ കരാളഹസ്തത്തിൽ നിന്ന് നായർ സമുദായം മോചനം ആഗ്രഹിക്കുന്നുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ കേസിന് പോകാത്തത് മന്നത്ത് ആചാര്യന്റെ സന്ദേശം ഉൾക്കൊള്ളുന്നതുകൊണ്ടാണ്. സുകുമാരൻ നായർക്കെതിരെ തന്നെ കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും മകളെ കുറിച്ചും, മകനെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചുമുള്ള കാര്യങ്ങളിൽ തന്റെ കൈവശം രേഖകൾ ഉണ്ടെന്നും ഗണേഷ് കുമാർ തുറന്നടിച്ചു

 

കഴിഞ്ഞ ദിവസവും ഗണേഷ് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. എൻഎസ്എസിൽ അഴിമതിയും സ്വജനപക്ഷപാതവുമാണു നടക്കുന്നത്. പ്രസ്ഥാനം ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു. സുകുമാരൻ നായരെ ചോദ്യം ചെയ്തതിനാണ് എന്നെ പുറത്താക്കിയത്. സമദൂര സിദ്ധാന്തത്തെയാണു ഞാൻ എതിർത്തത്. മന്നം സമാധി വീണ്ടെടുക്കാൻ വൈക്കത്തുനിന്നു സമാധിയിലേക്ക് ജാഥ നടത്തേണ്ടിയിരിക്കുന്നു’– ഗണേഷ് പറഞ്ഞു.

 

നായർ സംരക്ഷണ സമിതി സംഘടിപ്പിച്ച ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഗണേഷിന്റെ വിമർശനം. മന്നം മെമ്മോറിയൽ നാഷനൽ ക്ലബ് പരിപാടിക്കായി ബുക്ക് ചെയ്തിരുന്നെങ്കിലും ഗണേഷ് പങ്കെടുക്കുന്നതായി അറിഞ്ഞതോടെ അനുമതി നിഷേധിച്ചെന്നു സംഘാടകർ പറയുന്നു. പരിപാടി പ്രസ് ക്ലബ് ഹാളിലാണു നടന്നത്. അതേസമയം, വൈദ്യുതി മുടങ്ങിയതിനാലാണു വേദി മാറ്റാൻ നിർദേശിച്ചതെന്നു നാഷനൽ ക്ലബ് സെക്രട്ടറി എസ്.അനിൽകുമാർ അറിയിച്ചു.

ENGLISH SUMMARY:

KB Ganesh Kumar has again criticized Sukumaran Nair, the General Secretary of the NSS, alleging a conspiracy to defeat him in Pathanapuram and corruption within the organization. He also stated that the Nair community desires freedom from Sukumaran Nair's influence.