• പത്തനംതിട്ട തൃശൂര്‍, കോട്ടയം, കാസര്‍കോട്, കോഴിക്കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഏഴുജില്ലകളിൽ വീതം ഓറഞ്ച് - യെലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . ബാക്കി ഏഴു ജില്ലകളിലും യെലോ അലർട്ടാണ്. കേരള തീരത്തു നിന്ന് കടലിൽ പോകരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്.  എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.  ആലപ്പുഴ, പത്തനംതിട്ട തൃശൂര്‍, കോട്ടയം, കാസര്‍കോട്, കോഴിക്കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അവധി. കോഴിക്കോട്ടെ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല.

കോട്ടയത്തെ മഴക്കെടുതിയില്‍ നേരിയ ആശ്വാസം. മീനച്ചിലാറിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ തുടർച്ചയായ എട്ടാം ദിവസവും വെള്ളക്കെട്ട് രൂക്ഷമാണ്. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. പതിനായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഒരാഴ്ച മഴ മാറിനിന്നാൽ മാത്രമേ വീടുകളിൽ നിന്ന് വെള്ളം ഒഴുകി പോവുകയുള്ളൂ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

അതേസമയം, കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ മൃതദേഹത്തോട് അനാദരം കാട്ടിയ സംഭവത്തിൽ കണ്ണൂർ എ.ഡി.എമ്മിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും റവന്യൂമന്ത്രിക്ക് കലക്ടർ റിപ്പോർട്ട് സമർപ്പിക്കുക. ഇന്ന് ഉച്ചയോടെ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം. സംഭവത്തിൽ തഹസിൽദാർക്കും പരിയാരം മെഡിക്കൽ കോളേജ് അധികൃതർക്കും വീഴ്ച പറ്റിയെന്നാണ് കലക്ടറുടെ പ്രാഥമിക വിലയിരുത്തൽ. പയ്യന്നൂർ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരെ നേരിട്ട് വിളിച്ചുവരുത്തി എ.ഡി.എം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

An orange alert has been issued for seven districts in Kerala due to heavy rainfall, leading to localized holiday announcements for educational institutions. In Kottayam, despite a slight decrease in water levels in the Meenachil River, severe waterlogging persists in western regions, keeping over 10,000 people displaced in relief camps. Meanwhile, the Kannur ADM is set to submit an inquiry report to the district collector regarding alleged disrespect shown to the body of Rajesh, who died during rescue operations in Cherupuzha. Preliminary assessments indicate lapses by the Payyanur Tahsildar and Pariyaram Medical College authorities.