സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എന്നാല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്. ആലപ്പുഴ , എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഇടുക്കി മലങ്കരഡാമിന്റെ മൂന്നു ഷട്ടറുകൾ കൂടി ഒരു മീറ്റർ വരെ ഘട്ടങ്ങളായി ഉയർത്തും. തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
ആറന്മുളയിലെ മിക്ക സ്ഥലങ്ങളിൽ നിന്നും പ്രളയജലം ഇറങ്ങി. വയലിനോട് ചേർന്ന ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളക്കെട്ട് ഉള്ളത്. വെള്ളം ഇറങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. തിരിച്ചുപോകാനുള്ള കാത്തിരിപ്പിലാണ് മത്സ്യത്തൊഴിലാളികളും. റാന്നിയിലെ വെള്ളക്കെട്ട് പൂർണമായും ഇറങ്ങി. പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ആറന്മുളയിലെ പ്രളയജലം ഒഴിഞ്ഞത്. ചെങ്ങന്നൂർ കോഴഞ്ചേരി . തിരുവല്ല പത്തനംതിട്ട റോഡുകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ഗതാഗതം പുനസ്ഥാപിച്ചു. പന്തളം ആറന്മുള റോഡിൽ കോളജ് ജംഗ്ഷനിൽ വെള്ളക്കെട്ട് ഉണ്ടെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. താഴ്ന്ന പ്രദേശത്തെ വാഹനങ്ങളെല്ലാം ഉയർന്ന പ്രദേശങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആളുകൾ വീടുകൾ വൃത്തിയാക്കി തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. മിക്ക വീടുകളിലേയും വീട്ടുപകരണങ്ങൾ നഷ്ടമായി. Also Read: കാലവര്‍ഷക്കെടുതിയില്‍ 26 മരണം; 67.44 കോടിയുടെ നഷ്ടം: മുഖ്യമന്ത്രി .
അതേസമയം, മഴക്കെടുതിയില്‍ വലയുന്നവര്‍ക്കുള്ള കൂടുതല്‍ സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കടകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പതിനായിരം രൂപ അടിയന്തരസഹായവും 12 ലക്ഷം വരെ സോഫ്റ്റ് വായ്പയും നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. വീടുവിട്ടു മാറിതാമസിക്കുന്നവര്‍ക്ക് പ്രതിദിനം 300 രൂപ നല്‍കും. ദുരന്ത മുന്നറിയിപ്പ് സംവിധാനം മാതൃകാപരമായി പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളമിറങ്ങിയതോടെ കൊല്ലത്തുനിന്ന് എത്തിച്ച ഏതാനും മത്സ്യബന്ധന ബോട്ടുകൾ തിരിച്ചുപോയി. ട്രോളിങ് നിരോധനം അവസാനിച്ച ശേഷം കടലിൽ പോകാതെ നേരെ പത്തനംതിട്ടയിലേക്ക് വന്നവരാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ പോയില്ലെങ്കിൽ തങ്ങളുടെ കാര്യം കഷ്ടത്തിലാകുമെന്നും പ്രളയം അവസാനിച്ച സ്ഥിതിക്ക് തിരിച്ചു പോകണമെന്നും മത്സ്യത്തൊഴിലാളികൾ.