കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 26 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. 67.44കോടിയുടെ നഷ്ടമുണ്ടായി. ഏകദേശം 23,500 കര്‍ഷകരെ ഇത് ബാധിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എട്ടുലക്ഷം രൂപയും, വീടുംസ്ഥലവും നഷ്ടമായവര്‍ക്ക് 12ലക്ഷവും ധനസഹായവും നല്‍കും. കടകള്‍ നശിച്ചവര്‍ക്കും വീട്ടില്‍ വെള്ളംകയറിയവര്‍ക്കും പതിനായിരം രൂപവീതം നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വിശദീകരിച്ചു.
പ്രധാന ധനസഹായങ്ങള്‍ ഒറ്റനോട്ടത്തില്‍:
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്: 8 ലക്ഷം രൂപ .
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം രൂപ.
ദുരിതബാധിത കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദിവസേന 300 രൂപ വീതം .
കടകള്‍ നശിച്ച കച്ചവടക്കാര്‍ക്ക് 10,000 രൂപ.
ചെറുകിട സംരംഭകര്‍ക്ക്: 12 ലക്ഷം രൂപ വരെ പ്രത്യേക ലോണ്‍ സൗകര്യം.
ഇതിന്‍റെ 9 ശതമാനം സര്‍ക്കാര്‍ തിരിച്ചടക്കും.
ദുരന്തനിവാരണ മുന്നൊരുക്കങ്ങളും നവീകരണവും: അണക്കെട്ടുകളിലും പുഴകളിലെയും അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ഡാം മാനേജ്മെന്റ് കൂടുതല്‍ സുതാര്യമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സംവിധാനങ്ങള്‍ കൊണ്ടുവരും. ജിയോബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണ പദ്ധതികള്‍ വേഗത്തിലാക്കും. കൂടാതെ 'പുനര്‍ഗേഹം' പദ്ധതിയും കാലാനുസൃതമായി പരിഷ്കരിക്കും. ദുരന്തനിവാരണ അതോറിറ്റിയെ കൂടുതല്‍ ശക്തമാക്കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളില്‍ ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കും. ഉറങ്ങാതെ ദുരന്തനിവാരണം നടത്തുന്നവരെ നിരാശരാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് വി.ഡി.സതീശന്‍ മറുപടി നല്‍കി. ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ബാധിച്ച സ്ഥലങ്ങളിലാണ് താന്‍ നേരിട്ടെത്തിയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുടെ യോഗത്തിലേക്ക് എം.എല്‍.എമാരെ പ്രത്യേകമായി വിളിച്ചിരുന്നില്ലെങ്കിലും ചിലര്‍ എത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യമായ അധികാരങ്ങളും ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും കുട്ടനാട് എം.എല്‍.എ വിളിച്ച യോഗം കാബിനറ്റ് യോഗ സമയത്തായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.