കൊച്ചിയിൽ സെയിൽസ് ഗേളിനെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടി. വൈറ്റിലയിലെ ഹെർ ഡേ എന്ന കടയിൽ നിന്നാണ് കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേന പണം വാങ്ങി കടന്നുകളഞ്ഞത്. സമാന രീതിയിൽ മറ്റ് പലയിടത്തുനിന്നും ഇയാൾ പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചി വൈറ്റിലയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നാണ് മാസ്‌ക് ധരിച്ചെത്തിയ മധ്യവയസ്കൻ പണം തട്ടിയത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ കടയിലെത്തി അവിടുത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ച് ഇയാൾ മടങ്ങിയിരുന്നു. പിന്നീട് കുറച്ചു സമയത്തിന് ശേഷം ഫോണിൽ സംസാരിച്ചുകൊണ്ട് വീണ്ടും കടയിലേക്ക് വന്നു. കടയുടമയോടാണ് താൻ സംസാരിക്കുന്നതെന്ന് സെയിൽസ് ഗേളിനെ വിശ്വസിപ്പിച്ച ഇയാൾ, തനിക്ക് പണം നൽകാൻ ഉടമ പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. Also Read: 'ഇത് നല്ല മാതൃക'; ഉദയനിധിയുടെ അറസ്റ്റില്‍ കങ്കണ റണാവത്ത്, പരസ്യമായി മാപ്പ് പറയണമെന്ന് ഖുശ്ബു .
സ്ഥാപനത്തിൽ പുതുതായി ജോലിക്ക് കയറിയ പെൺകുട്ടിയായിരുന്നു ആ സമയം കടയിലുണ്ടായിരുന്നത്. കടയിലെ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പരിചയമില്ലാതിരുന്ന പെൺകുട്ടി, ഇയാൾ പറയുന്നത് വിശ്വസിച്ച് കൗണ്ടറിൽ ഉണ്ടായിരുന്ന 6000 രൂപ എടുത്ത് നൽകുകയായിരുന്നു. പണം നൽകുന്നതിന് മുൻപായി പെൺകുട്ടി അത് എണ്ണി നോക്കാൻ ശ്രമിച്ചപ്പോൾ, "എണ്ണേണ്ട ആവശ്യമില്ല, ഞാൻ എണ്ണിക്കോളാം" എന്ന് പറഞ്ഞ് ഇയാൾ പണം വേഗത്തിൽ വാങ്ങി കടന്നുകളയുകയായിരുന്നു.
തട്ടിപ്പിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പണം തട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചന. ദൃശ്യത്തിൽ കാണുന്ന വ്യക്തി മറ്റു പല കടകളിൽ നിന്നും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.