khushbu-udhayanidhi-kanganaranaut
  • തൃഷയ്‌ക്കെതിരെ ഉദയനിധി ദ്വയാർത്ഥ പ്രയോഗവും അധിക്ഷേപ പരാമർശവും നടത്തിയെന്ന പരാതിയിലായിരുന്നു കേസ്

നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്ത് അപകീർത്തികരമായ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിനു പിന്നാലെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് വിമര്‍ശന വര്‍ഷം. ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്, നടിമാരായ ഖുശ്ബു, അംബിക, ഗായിക ചിന്മയി ശ്രീപാദ തുടങ്ങിയ നിരവധിപേരാണ് ഉദയനിധിക്കെതിരെ ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്. 

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഡി.എം.കെ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധ റാലിക്കിടെ തൃഷയ്‌ക്കെതിരെ ഉദയനിധി ദ്വയാർത്ഥ പ്രയോഗവും അധിക്ഷേപകരമായ പരാമർശവും നടത്തിയെന്ന പരാതിയിലായിരുന്നു കേസ്. തമിഴക വെട്രി കഴകം വനിതാ വിഭാഗം ഭാരവാഹികളുടെ പരാതിയില്‍ തഞ്ചാവൂർ പോലീസ് സംഘം ഉദയനിധിയെ കസ്റ്റഡിയിലെടുത്തു. ഉദയനിധി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച മദ്രാസ് ഹൈക്കോടതി കേസിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉദയനിധിയെ അന്നേ ദിവസം തന്നെ വിട്ടയക്കാനും നിർദ്ദേശം നൽകി.

അറസ്റ്റിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സമൂഹത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും ഉദയനിധിക്കെതിരെ ഉയരുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിവാദത്തോട് പ്രതികരിച്ച കങ്കണ റണാവത്ത്, നിയമ നടപടിയെ സ്വാഗതം ചെയ്യുകയും പൊതുചർച്ചയിൽ അത്തരം പരാമർശങ്ങൾക്ക് സ്ഥാനമില്ലെന്നും പറഞ്ഞു. 'വൃത്തികെട്ട അധിക്ഷേപങ്ങളും ദ്വയാർത്ഥമുള്ള അശ്ലീല തമാശകളും പരസ്യമായി പ്രകടിപ്പിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും സ്വീകാര്യമല്ല. ഈ കുറ്റത്തിന് മിസ്റ്റർ സ്റ്റാലിനെ ജയിലിലേക്ക് അയച്ചു, അദ്ദേഹം ഇപ്പോൾ ജാമ്യത്തിലായിരിക്കാം, പക്ഷേ ഇതൊരു നല്ല മാതൃകയാണ്," കങ്കണ കുറിച്ചു.

ഉദയനിധി സ്റ്റാലിന്‍റെ പരാമർശങ്ങൾ വിലകുറഞ്ഞതും, അങ്ങേയറ്റം അപകീർത്തികരവുമാണെന്നായിരുന്നു നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ വിമർശിച്ചത്. ഇത്തരമൊരു മനോഭാവമുള്ളവർ രാഷ്ട്രീയ പാർട്ടിയെ നയിക്കാനും ഒരു ദിവസം സംസ്ഥാനം ഭരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവം നമ്മെ സഹായിക്കട്ടെ എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതിയത്. ഉദയനിധി സ്റ്റാലിൻ നടിയോട് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഖുശ്ബു തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്.

സ്ത്രീകളെ ഒരു കാരണവുമില്ലാതെ രാഷ്ട്രീയ ആക്രമണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് തുടരുകയാണെന്ന്, ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഗായിക ചിന്മയി ശ്രീപാദയും പറഞ്ഞു. ഉദയനിധി അങ്ങനെ സംസാരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും  ബഹുമാനത്തോടെ കാണുന്ന ചെറുപ്പക്കാരില്‍ മോശം സ്വാധീനമാകരുതെന്ന മുന്നറിയിപ്പും മുതിര്‍ന്ന താരം അംബിക എക്സില്‍ കുറിച്ചു. 

അതേ സമയം താൻ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. വിജയ്, തൃഷ എന്നിവരെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. 

ENGLISH SUMMARY:

Udhayanidhi Stalin controversy involves alleged sexist remarks against actress Trisha, leading to widespread criticism from various public figures. Kangana Ranaut and Kushboo Sundar have strongly condemned his statements, highlighting the unacceptability of such language in public discourse.