krithi-neena
  • 'സ്ത്രീകളെ പലപ്പോഴും അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. സമൂഹത്തിലെ ഇത്തരം കാര്യങ്ങൾ ഒരിക്കലും മാറില്ല'

“ഈ സമൂഹം ഒരിക്കലും മാറാൻ പോകുന്നില്ല.” സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിലയിരുത്തൽ നടത്തിയത് മറ്റാരുമല്ല, പ്രശസ്ത ബോളിവുഡ് താരം നീന ഗുപ്തയാണ്. ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് നീന ഗുപ്ത പലപ്പോഴും സംസാരിച്ചിട്ടുള്ളതാണ്.

'സ്ത്രീകളെ പലപ്പോഴും അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. സമൂഹത്തിലെ ഇത്തരം കാര്യങ്ങൾ ഒരിക്കലും മാറില്ല' എന്നും പറഞ്ഞ നീന, പരസ്യത്തിൽ ധരിച്ച വസ്ത്രത്തിന്‍റെ പേരിൽ കൃതി സനോൺ വിവാദത്തിൽപ്പെട്ട സംഭവത്തിലും വിമർശനമുന്നയിച്ചു.

‘GIVA’ എന്ന ജ്വല്ലറി ബ്രാൻഡ് രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യമാണ് കൃതി സനോണിനെതിരെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്. സഹോദരിയുടെ വേഷത്തിലെത്തിയ കൃതി സനോൺ തന്‍റെ സഹോദരന്‍റെ കൈയിൽ രാഖി കെട്ടിക്കൊടുക്കുന്നതാണ് പരസ്യത്തിലുള്ളത്. എന്നാൽ കൃതി സനോൺ ധരിച്ചിരുന്ന ഇൻഡോ-വെസ്റ്റേൺ വസ്ത്രമാണ് വിവാദമായത്.

ബ്രാലെറ്റ്-സ്റ്റൈൽ ബ്ലൗസും അതിന് അനുയോജ്യമായ സ്‌കർട്ടും ഡ്രേപ്പും ചേർന്ന ഐവറി നിറത്തിലുള്ള ഇൻഡോ-വെസ്റ്റേൺ വസ്ത്രം രക്ഷാബന്ധൻ ചടങ്ങിൽ അനുചിതമാണെന്നായിരുന്നു വിമർശനം. പരമ്പരാഗത ചടങ്ങിന്റെ പവിത്രതയെ അവഹേളിച്ചെന്നായിരുന്നു ആരോപണം. കൃതിക്കെതിരെ നടിയും എം.പിയുമായ കങ്കണ റണൗട്ടും രംഗത്തെത്തി. 'ഇത്രയേറെ വസ്ത്രധാരണ സാധ്യതകൾക്കിടയിൽ, എന്തിനാണ് ബിക്കിനിയോ അടിവസ്ത്രമോ മാത്രം ധരിച്ച് സഹോദരന് രാഖി കെട്ടുന്നത്?' എന്നായിരുന്നു കൃതിയുടെ പേര് പരാമർശിക്കാതെയുള്ള കങ്കണയുടെ വിമർശനം.

ഇതിന് മറുപടിയുമായി കൃതി സനോൺ സമൂഹമാധ്യമങ്ങളിലെത്തി. 'ഉത്സവങ്ങളുടെ കാതൽ ധരിക്കുന്ന വസ്ത്രത്തിലല്ല, ആചാരങ്ങളോടുള്ള വിശ്വാസത്തിലും അതിന് നൽകുന്ന അർഥത്തിലുമാണ്. സ്ത്രീകൾ എന്താണ് ധരിക്കേണ്ടതെന്ന് അവരോട് പറയുന്നത് നമ്മൾ എന്നാണ് അവസാനിപ്പിക്കുക? സംസ്‌കാരത്തോടുള്ള ഒരു സ്ത്രീയുടെ ആദരവ് അളക്കുന്നത് അവളുടെ വസ്ത്രം നോക്കി മാത്രമാണോ? സംസ്‌കാരവും ആചാരങ്ങളും സ്ത്രീയുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്, അവളുടെ വസ്ത്രത്തിന്റെ കഴുത്തിന്റെ ഇറക്കത്തിലല്ല' എന്നായിരുന്നു കൃതിയുടെ കുറിപ്പ്.

രാഹുൽ ഗാന്ധി അടക്കം ഒട്ടേറെപ്പേർ കൃതിയെ അനുകൂലിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കൃതിയുടെ സഹപ്രവർത്തക കൂടിയായ നീന ഗുപ്ത വിമർശന സ്വരവുമായി രംഗത്തെത്തിയത്. 'സമൂഹത്തിൽ ഇത് ഇങ്ങനെ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്. ഒന്നും മാറാൻ പോകുന്നില്ല. കാരണം സമൂഹം എന്നും സ്ത്രീകളോട് അങ്ങനെയായിരുന്നു. ഇന്നും ഒന്നും മാറിയിട്ടില്ല. മാറ്റമുണ്ടായിട്ടുള്ളത് ചെറിയ ശതമാനം മാത്രമാണ്. സ്ത്രീകൾ സമ്പാദിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് മാറ്റം.'

ഈ പ്രശ്‌നത്തിനുള്ള പരിഹാരമായി നീന ഗുപ്ത പറഞ്ഞത് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നാണ്.'സ്ത്രീകളെ ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കാം. അതാണ് ഏക മാർഗം. ഒരുപക്ഷേ നാല് തലമുറകൾക്ക് ശേഷമെങ്കിലും മാറ്റമുണ്ടായേക്കാം.'

കൃതിയുടെ പരസ്യം വിവാദമായതോടെ ജ്വല്ലറി ബ്രാൻഡ് തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തി പരസ്യം പിൻവലിച്ചു. എന്നാൽ സമൂഹമാധ്യമങ്ങളിൽ വിവാദം ഇപ്പോഴും ചൂടാറിയിട്ടില്ല.

ENGLISH SUMMARY:

Veteran actor Neena Gupta has strongly reacted to the online backlash faced by Kriti Sanon over her outfit in a Raksha Bandhan ad for GIVA jewelry. Criticizing the deep-rooted double standards against women, Neena stated that society's mindset regarding female attire remains largely unchanged. Despite Kriti Sanon's sharp response defending her choice and asserting that culture lies in intent rather than clothes, the jewelry brand issued an apology and pulled down the commercial.