സംവിധായകൻ കുക്കു കോഹ്‌ലിയുടെ മരണാനന്തര പ്രാർഥനാചടങ്ങിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം കത്രീന കൈഫിന്‍റെ ശരീരത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നത് സമാനതകളില്ലാത്ത അവഹേളനമാണ്. പ്രസവാനന്തരമുള്ള കത്രീനയുടെ ശരീരപ്രകൃതിയെ രൂക്ഷമായി ട്രോളിയും പരിഹസിച്ചുമായിരുന്നു ചിലർ ആനന്ദം കണ്ടെത്തിയത്. ‘ഇത് വളരെ മോശമായിപ്പോയി’, ‘കത്രീനയ്ക്ക് എന്തെങ്കിലും അസുഖമാണോ?’, ‘കത്രീനയ്ക്ക് പ്രായമായി, ഇതെന്താണ് പറ്റിയത്?’, ‘അവരെ കാണാൻ ഒരു രസഗുളയെപ്പോലെയുണ്ട്’ തുടങ്ങിയ കമന്റുകളാണ് അവരുടെ ചിത്രത്തിന് താഴെ നിറഞ്ഞത്.
2025 നവംബറിലാണ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും കുഞ്ഞ് പിറന്നത്. പ്രസവശേഷം സിനിമയിൽനിന്നും പൊതുവിടങ്ങളിൽനിന്നും വിട്ടുനിൽക്കാനും പാപ്പരാസികളുടെ ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാനും കത്രീന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് വലിയ രീതിയിലാണ് സൈബർ ഇടങ്ങളിൽ കത്രീന ബോഡി ഷെയ്മിങ്ങിന് വിധേയയായത്. പിന്നാലെ ബോളിവുഡ് താരം ശിവലീക ഉൾപ്പെടെ നിരവധി പേർ കത്രീനയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.
സമാന രീതിയിൽ മുൻപ് വലിയ സൈബർ ആക്രമണം നേരിട്ട താരമാണ് നടി ബിപാഷ ബസു. ഗർഭകാലത്തും പ്രസവാനന്തരവും താൻ നേരിട്ട ക്രൂരമായ ട്രോളിങ്ങിനും ബോഡി ഷെയ്മിങ്ങിനുമെതിരെ പ്രതികരിച്ചിരിക്കുകയാണ് ബിപാഷ.
‘ജിസം’ എന്ന സിനിമയാണ് ബി ടൗണിൽ ബിപാഷയെ ശ്രദ്ധേയയാക്കിയത്. മുതിർന്നവർക്കു വേണ്ടി മാത്രമുള്ള ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ‘ജിസ’ത്തിലെ ഹോട്ട് രംഗങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് സൂപ്പർതാര സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ബിപാഷ, 2020ൽ ‘ഡെയ്ഞ്ചറസ്’ എന്ന വെബ് സീരിസിലാണ് അവസാനമായി അഭിനയിച്ചത്. 2022 നവംബറിൽ താരത്തിന് കുഞ്ഞ് പിറന്നു. ഈ കാലത്താണ് വലിയ സൈബർ ബുള്ളിയിങ്ങിന് താൻ ഇരയായതെന്ന് ‘എല്ലെ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിൽ ബിപാഷ പറയുന്നു.
“പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകുന്നില്ല. ഉടൻ തന്നെ പഴയ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്നാണ് സ്ത്രീകളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് വിചിത്രമായ ചർച്ചകളാണ് ഇപ്പോഴും നടക്കുന്നത്. 40കളിൽ ജീവിക്കുന്ന സ്ത്രീകളും 20കളിലെ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്നാണ് വാദം. ഇനി അതിന് സാധിച്ചില്ലെങ്കിൽ കടുത്ത വിമർശനങ്ങൾക്ക് ഇരയാകേണ്ടിവരുന്നു.”
പ്രസവശേഷം തനിക്കും ക്രൂരമായ രീതിയിൽ ട്രോളുകൾ നേരിടേണ്ടിവന്നതായി ബിപാഷ പറയുന്നു. ചില പാപ്പരാസികൾ വളരെ മോശമായ രീതിയിൽ തന്റെ ചിത്രങ്ങൾ പകർത്തിയെന്നും താരം കുറ്റപ്പെടുത്തി. “അമ്മയാകുന്ന ഒരു സ്ത്രീ എത്രമാത്രം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കുഞ്ഞിനോടും അവരുടെ ജീവിതത്തോടും ജീവിതശൈലിയോടും വ്യക്തിപരമായ സമ്മർദങ്ങളോടും ഒരു സ്ത്രീ നടത്തുന്ന പരിശ്രമങ്ങളെയും ട്രോളുന്നവർ കാണുന്നില്ല. എല്ലാവരും ഉടൻ പഴയ രൂപത്തിലേക്ക് തിരിച്ചെത്തണമെന്ന് മാത്രമാണ് അവർ പ്രതീക്ഷിക്കുന്നത്.”
താൻ ആത്മവിശ്വാസമുള്ള വ്യക്തിയായതിനാൽ ട്രോളുകളൊന്നും തന്നെ തകർക്കില്ലെന്നും തന്റെ ജീവിതത്തെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളതിനാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ ബാധിക്കില്ലെന്നും ബിപാഷ വ്യക്തമാക്കി.
“ഞാൻ വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. അതിനാൽ ഒരു തരത്തിലുള്ള ട്രോളിനും എന്നെ തകർക്കാൻ കഴിയില്ല. എന്റെ യാത്ര എന്താണെന്ന് എനിക്കറിയാം. എന്ത് ജോലി ചെയ്യണമെന്നും അത് എപ്പോൾ ചെയ്യണമെന്നും എനിക്കറിയാം. എന്നെക്കുറിച്ച് പുറത്തുള്ളവർ പറയുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറേയില്ല.”
മാതൃത്വത്തെ സ്വീകരിച്ചത് തന്റെ ജീവിതത്തിൽ എല്ലാം മാറ്റിമറിച്ചെന്നും ബിപാഷ പറയുന്നു. “ദേവിയെ പ്രസവിച്ചതിനുശേഷം മുമ്പ് ഉണ്ടായിരുന്ന വ്യക്തിയല്ല ഞാൻ. ഇതുവരെ ചെയ്തതിൽ ഏറ്റവും അത്ഭുതകരമായ കാര്യം ഞാൻ അമ്മയായതാണ്. ജീവിതം എത്ര മനോഹരമാണെന്നും ഓരോ ചെറിയ കാര്യവും എത്ര പ്രധാനമാണെന്നും ഞാൻ തിരിച്ചറിയുന്നത് എന്റെ മകളുടെ കണ്ണുകളിലെ തിളക്കത്തിലൂടെയാണ്.”
ഇടവേളയ്ക്കുശേഷം ബിപാഷ ബസു വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തുകയാണ്. 1984ലെ ഒരു ഡ്രഗ് കാർട്ടലിനെ തകർക്കാൻ പൊലീസ് നടത്തിയ ഓപ്പറേഷനെ ആസ്പദമാക്കിയുള്ള ‘ബാരാബാൻകി’ എന്ന ക്രൈം സീരിസിലൂടെയാണ് താരത്തിന്റെ റീ എൻട്രി.
“ഞാനൊരു അഭിനേതാവാണ്. ഇപ്പോൾ അഭിനയിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്റെ മകൾക്ക് എന്റെ നൂറു ശതമാനവും നൽകാൻ ആഗ്രഹിച്ചതിനാലാണ് കുറച്ചുകാലത്തേക്ക് മാറിനിന്നത്. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ സമയമുണ്ട്. അതിനാലാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെ എത്തിയത്.”
ബിപാഷയുടെ വാക്കുകളിൽ ആത്മവിശ്വാസമുണ്ട്. 'ഞാൻ എങ്ങനെ പ്രായമാകുന്നുവെന്ന് കാണുന്നതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. എന്‍റെ ഈ പ്രായത്തെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു'. ശരീരസൗന്ദര്യത്തിന്‍റെ പേരിൽ മാത്രം സ്ത്രീകളെ അളക്കുന്നവർക്കുള്ള ബിപാഷയുടെ മറുപടികൂടിയാണ് ഈ വാക്കുകൾ.