മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നാളെ തുടങ്ങും. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഏക പ്രതിയായ കേസില്‍ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഏഴ് വര്‍ഷം മുന്‍പ്, 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചയാണ് കെ.എം.ബഷീറിന്‍റെ ജീവന്‍ ഇറ്റുവീണത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആ ദുരന്തത്തിന്‍റെ അടയാളങ്ങള്‍ ഇന്നും അവിടെ കാണാം.
അപകട സ്ഥലത്ത് വെച്ച് തന്നെ ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പക്ഷെ ഐ.എ.എസ് ഉന്നതെന്ന് മനസിലായതോടെ ആ നിമിഷം അട്ടിമറി നീക്കങ്ങളും തുടങ്ങി. മദ്യപിച്ചെന്ന് ഉറപ്പിക്കാനുള്ള രക്തപരിശോധന ആദ്യം ഒഴിവാക്കി. പത്ത് മണിക്കൂറിലേറെ വൈകി രക്തം പരിശോധിച്ചതോടെ മദ്യപിച്ചിട്ടില്ലെന്ന അനുകൂല തെളിവ് ഒപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് സുഖചികിത്സക്ക് മാറി. ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയെന്ന മറവിരോഗമെന്ന നുണ പറഞ്ഞ് ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിച്ചു. കാറോടിച്ചത് ശ്രീറാമല്ല, സുഹൃത്തായ വഫ ഫിറോസാണെന്ന് വരുത്താനും ശ്രമം.
അട്ടിമറി ശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ശ്രീറാം അറസ്റ്റിലായെങ്കിലും വേഗം ജാമ്യം ലഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുത്തു. വഫ ഫിറോസിന് പങ്കില്ലെന്ന് കണ്ടെത്തി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. നരഹത്യാകുറ്റം ഒഴിവാക്കാന്‍ ശ്രീറാം സുപ്രീംകോടതി വരെ പോയെങ്കിലും രക്ഷയുണ്ടായില്ല. അതോടെയാണ് ബഷീറിന്‍റെ ജീവന്‍ നഷ്ടമായി എട്ടാം വര്‍ഷത്തിലേക്ക് കടക്കാന്‍ രണ്ട് ദിവസം ശേഷിക്കെ വിചാരണക്ക് തുടക്കമാവുന്നത്.