sriram-venkitaraman-case-updates

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ നിര്‍ണായക മൊഴി. അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍റെ‍ കൈകളില്‍ രക്തം കണ്ടെന്നാണ് പൊതുമരാമത്ത് ഓഫിസിലെ സുരക്ഷാ ജീവനക്കാരനും‍ അഞ്ചാം സാക്ഷിയുമായ മിഥുന്‍ തോമസ് മൊഴി നല്‍കിയത്.

കാർ ഇടിക്കുന്നത് നേരിട്ട് കണ്ടില്ലെങ്കിലും വാഹനം അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടു. ആ സമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. പിറ്റേന്ന് മാധ്യമങ്ങളിലൂടെയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് മാധ്യമപ്രവർത്തകൻ കെ.എം ബഷീറാണെന്ന് അറിഞ്ഞതെന്നും മൊഴി നല്‍കി. കേസിന്‍റെ വിചാരണ നടക്കുന്ന തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിലാണ് മൊഴി നൽകിയത്. കേസിന്‍റെ വിചാരണ തുടങ്ങിയതിന് ശേഷം പ്രോസിക്യൂഷന് അനുകൂലമായി ലഭിക്കുന്ന നിര്‍ണായക മൊഴിയാണ്.

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഏക പ്രതിയായ കേസില്‍ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ച, തിരുവനന്തപുരം മ്യൂസിയം റോഡിലാണ് കെ.എം.ബഷീറിന്‍റെ ജീവന്‍ നഷ്ടപ്പെട്ടത്. സിറാജ് ദിനപത്രത്തിൻ്റെ ബ്യൂറോ ചീഫായിരുന്ന ബഷീർ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് ജീവൻ നഷ്‌ടമായി.​ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടാറുള്ള കവടിയാറിലെ സിവിൽ സർവീസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ദുരന്തം വിതച്ച ശ്രീറാമിന്റെ യാത്ര തുടങ്ങിയത്. ഓഗസ്ത് 3 ന് പുലർച്ചെ ഒരു മണിയോടെ ആഘോഷമൊക്കെ കഴിഞ്ഞാണ് ശ്രീറാം അവിടെ നിന്ന് ഇറങ്ങിയത്. ആദ്യം നടന്ന് കവടിയാറിലെ റോഡിലെത്തി. അവിടെ കാത്ത് നിന്ന് ശ്രീറാമിനെ തേടി വഫ ഫിറോസെത്തി. വഫയുടെ കാർ കവടിയാർ മുതൽ ശ്രീറാം ഓടിച്ചു. ആ യാത്രയാണ് ബഷീറിന്‍റെ മരണത്തില്‍ കലാശിച്ചത്.

ENGLISH SUMMARY:

Sriram Venkitaraman case witness testimony revealed blood on the hands of IAS officer Sriram Venkitaraman. This significant evidence was provided by Mithun Thomas, a security guard at the Public Works Office, who is the fifth witness in the case related to the death of KM Basheer.