armwrestling

TOPICS COVERED

ജീവിതത്തില്‍ ഒന്നൊന്നായെത്തിയ പ്രതിസന്ധികളെ കൈക്കരുത്തില്‍ പൊരുതി തോല്‍പ്പിച്ച ബുഷ്റയെ പരിചയപ്പെടാം. പൊലീസാകണമെന്ന ആഗ്രഹത്തില്‍ വ്യായാമം തുടങ്ങി പഞ്ചഗുസ്തി പഠിച്ച് ഇന്ന് ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ് ഈ മുപ്പതുകാരി. പ്രായമായ മാതാപിതാക്കള്‍ക്കും എട്ടുവയസ്സുകാരന്‍ മകനും തണലൊരുക്കാനാണ് ബുഷ്റയുടെ ജീവിതപോരാട്ടം.

24ആം വയസ്സില്‍ ജീവിതത്തിലെ താളപ്പിഴകളില്‍ പതറിപ്പോയപ്പോള്‍ ബുഷ്റയ്ക്ക് കരുത്തായത് പഞ്ചഗുസ്തിയാണ്. കണ്ണീരും വേദനയുമായി ജീവിച്ച ഒരുവര്‍ഷം. ഒടുവില്‍ ഉയിര്‍ത്തെണീറ്റു. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും കുഞ്ഞുമകന്‍റെ ഉത്തരവാദിത്തവും ചുമലിലേറ്റി ബുഷ്റ നേരെ ചെന്നത് ജിമ്മിലേക്കാണ്. ഒരുകാലത്ത് ബന്ധുക്കളാലും സമൂഹത്താലും വിലക്കപ്പെട്ട കായികമോഹങ്ങളെ ഒന്നുകൂടി ചേര്‍ത്തണച്ചു. ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലും തഴമ്പിച്ച കൈക്കരുത്ത് പഞ്ചഗുസ്തിയില്‍ പരീക്ഷിച്ചപ്പോള്‍ ബുഷ്റ വിജയപ്പടികള്‍ കയറി. പഞ്ചഗുസ്തിക്ക് ഇരുകൈകളും വഴങ്ങുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് ഇന്ന് ബുഷ്റ.

രണ്ടുവര്‍ഷത്തെ പരിശീലനത്തില്‍ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ പടിവാതില്‍ക്കല്‍ വരെ ബുഷ്റയെത്തി. മുന്‍ വര്‍ഷങ്ങളില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും വിദേശത്തേക്കുള്ള യാത്രാച്ചിലവ് പിന്നോട്ടടിച്ചു. ഒടുവില്‍ ഇത്തവണ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങുകയാണ് ബുഷ്റ.

 

 

 

പുലര്‍ച്ചെ അഞ്ചുമണിക്ക് തുടങ്ങി അര്‍ധരാത്രി വരെ നീളുന്ന പരിശീലനത്തിനിടയിലും എട്ടുവയസ്സുകാരനായ മകന്‍റെയും പ്രായമായ മാതാപിതാക്കളുടെയും കാര്യങ്ങള്‍ ബുഷ്റ മുടക്കാറില്ല.

Inspirational story of Bushra, a Kerala woman who overcame life's challenges to become a world championship contender in wrestling.: