Untitled design - 1

തിരുവനന്തപുരത്ത് പിടിയിലായ ലോണ്‍ ആപ് സംഘം രാജ്യവ്യാപക തട്ടിപ്പ് നടത്തുന്ന വന്‍ശൃംഖലയുടെ ഭാഗം. തലസ്ഥാനത്തെ കോള്‍ സെന്‍ററിലുണ്ടായിരുന്നത് എന്‍ജിനീയര്‍മാര്‍ മുതല്‍ നിയമബിരുദധാരികള്‍ വരെ. ഒരാളെ തട്ടിപ്പില്‍ വീഴ്ത്തിയാല്‍ ആയിരം രൂപ കമ്മീഷനെന്ന വ്യവസ്ഥയിലായിരുന്നു പ്രവര്‍ത്തനം. തട്ടിപ്പിലെ പ്രധാനികളില്‍ ഒരാളായ പാര്‍ത്ഥീപ് റാണയെ അഹമ്മദാബാദില്‍ പിടികൂടി. മുഖ്യസൂത്രധാരന്‍ ഒളിവിലാണ്. 

അമേരിക്കക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെയാണ് തിരുവനന്തപുരത്ത് ഇരുന്ന് ലക്ഷ്യമിടുന്നത്. നിങ്ങള്‍ക്ക് ലോണ്‍ അനുവദിച്ചിരിക്കുന്നതായി ഈ കോള്‍ സെന്‍ററില്‍ നിന്ന് മെസേജ് അയക്കും. അത് വിശ്വസിക്കുന്നവര്‍ക്ക് പതിനായിരമോ ഇരുപതിനായിരമോ ലോണ്‍ നല്‍കും. പിന്നീട് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തിരിച്ചുവാങ്ങുന്നതാണ് തട്ടിപ്പ് രീതി. 13 ജീവനക്കാരും 41 കംപ്യൂട്ടറും ഇവിടെയുണ്ടായിരുന്നു. ജീവനക്കാരില്‍ ബിടെക് ബിരുദധാരിയും എല്‍.എല്‍.ബി നേടിയവരുമൊക്കെയുണ്ട്. പതിനയ്യായിരം രൂപയാണ് മാസ ശമ്പളം. ഒരാളെ കെണിയില്‍ വീഴ്ത്തിയാല്‍ ആയിരം രൂപ കമ്മീഷനും കിട്ടും.  ഒരു മാസം ഇരുപത് പേരെയെങ്കിലും ഒരു ജീവനക്കാരന്‍ തട്ടിപ്പില്‍ വീഴ്ത്തും. അതുവഴി നാല്‍പതിനായിരത്തിനടുത്ത് മാസവരുമാനമുണ്ടെന്നാണ് പിടിയിലായവരുടെ മൊഴി.

ഇവര്‍ ജോലിക്കാരെങ്കില്‍ സംഘത്തലവന്‍ ആകാശ് ദീപ് ചൗധരി എന്ന അഹമ്മദാബാദുകാരനാണ്. ഒന്നര വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ആകാശ്  മറ്റ് ചിലയിടങ്ങളില്‍ തട്ടിപ്പ് കേന്ദ്രം നടത്തിയ ശേഷമാണ് ഒന്നര മാസം മുന്‍പ് ശ്രീകാര്യത്ത് തുടങ്ങിയത്. ഇന്നലെ പൊലീസെത്തിയ വിവരം അറിഞ്ഞ ഇയാള്‍ പുറത്തേക്ക് കടന്നെന്നാണ് സംശയം. മറ്റൊരു പ്രധാനി പാര്‍ത്ഥീപ് റാണയെ ഇന്ന് പുലര്‍ച്ചെ കേരള പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദില്‍ പിടികൂടി. മറ്റൊരാള്‍ കപില്‍ ഠാക്കൂര്‍ ഇന്നലെ പിടിയിലായിരുന്നു.ആകെ ഇരുപത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. 

ENGLISH SUMMARY:

Loan app scams are a widespread issue with a recent bust in Thiruvananthapuram revealing a large national network. This organized racket, targeting individuals including foreigners, operated from a call center with highly educated employees, using sophisticated methods to defraud victims.