സംസ്ഥാനത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. 1.65 ലക്ഷം മെട്രിക് ടണ്‍ അരിയും 24506 മെട്രിക് ടണ്‍ ഗോതമ്പും ലഭ്യമാക്കും. വിലക്കയറ്റം നിയന്ത്രിക്കാനുള്ള സജീവമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുമാസത്തിനിടെ 448 കോടി രൂപ ഭക്ഷ്യ വകുപ്പിനായി അനുവദിച്ചു. സൗജന്യകിറ്റടക്കം വിപണി ഇടപെടലിനായി 273 കോടിയും നെല്ലുസംഭരണ ബോണസായി 154 കോടി രൂപയും ഗതാഗത ചാര്‍ജിനത്തില്‍ 20 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഓണക്കാലത്തെ മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമായി ആറുലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യു'മെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 854 രൂപ ചെലവ് വരുന്ന 16 ഇനങ്ങളടങ്ങിയ കിറ്റാണ് ഓണക്കാലത്ത് നല്‍കുന്നത്. ഓഗസ്റ്റ് 10 മുതല്‍ 20 വരെയാകും കിറ്റ് വിതരണം.
മുന്‍ഗണനേതര വിഭാഗത്തിലെ നീലക്കാര്‍ഡുകാര്‍ക്ക് 10 രൂപ 90 പൈസ നിരക്കില്‍ മൂന്ന് കിലോ അരിയും എട്ട് രൂപ 70 പൈസ നിരക്കില്‍ രണ്ട് കിലോ ഗോതമ്പും പ്രത്യേകമായി വിതരണം ചെയ്യും. വിപണിയിടപെടലിന്‍റെ ഭാഗമായി തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയര്‍ ഓഗസ്റ്റ് എട്ടുമുതല്‍ 25 വരെ നടത്തും. മറ്റ് 11 ജില്ലകളില്‍ ഓഗസ്റ്റ് 15 മുതല്‍ 25 വരെ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.