ഫയല്‍ ചിത്രം

കെഎസ്ആർടിസിയില്‍ കാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് അധികൃതര്‍. സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം കാൻസർ രോഗികൾക്കായി കെഎസ്ആർടിസി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ കാർഡ് പുതുക്കി നൽകേണ്ടതില്‍ കാലതാമസം ഉണ്ടായിരുന്നുവെന്നു. ഈ സാങ്കേതിക പ്രശ്നം പരിഹരിച്ച് കാർഡ് വിതരണം ഉടൻ തന്നെ പുനരാരംഭിച്ചിരുന്നുവെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

സാങ്കേതിക പ്രശ്നം ഉണ്ടായെങ്കിലും ആ സമയവും നിലവിൽ ഉപയോഗിച്ചുവന്നിരുന്ന വാലിഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്ര യാതൊരു തടസ്സവും കൂടാതെ തുടര്‍ന്നിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ പൊതുജനങ്ങളിലും പദ്ധതിയുടെ ഗുണഭോക്താക്കളിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നു എന്നത് വേദനാജനകവും ദൗർഭാഗ്യകരവുമാണെന്നും കെഎസ്ആർടിസി കുറിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക എന്നും കെഎസ്ആർടിസി കൂട്ടിച്ചേര്‍ക്കുന്നു.

കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി ലോങ് ലൈഫ്' യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹാപ്പി ലോങ് ലൈഫ് കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു.

എങ്ങനെ അപേക്ഷിക്കാം: 

  1.  https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
  2. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുണ്ടെങ്കില്‍), ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം.
  3. സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദ്ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം. നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെട്ടാല്‍ കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
  4. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും RFID കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷകന്റെ വീടുകളില്‍ എത്തിക്കും. 
  5. RFID കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം.
ENGLISH SUMMARY:

KSRTC authorities have dismissed social media reports claiming that the free travel scheme for cancer patients has been discontinued, clarifying that delays were merely caused by software updates affecting the renewal of special travel cards. KSRTC explained via their official Facebook page that card distribution has already resumed following the resolution of these technical glitches, and emphasized that valid existing cards continued to be accepted without disruption throughout the period. Refuting rumors that the UDF government halted the scheme—popularly known as 'Happy Long Life'—officials expressed regret over the confusion caused and urged the public to avoid unverified information.