ഒരു ടിവി വാര്‍ത്താവതാരകന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ അനൗണ്‍സറായാല്‍ എങ്ങനെയുണ്ടാകും. ഒരു കാര്യം ഉറപ്പാണ്. സ്ഥലപ്പേര് ഒക്കെ ക്ളിയര്‍ ആയിരിക്കും. 

എവിടെയോ കേട്ട ശബ്ദം, നല്ല ഉച്ചാരണവും ക്ളാരിറ്റി. ആരാണാപ്പാ ഈ പുതിയ അനൗണ്‍സര്‍. പോത്തന്‍കോട് ബസ് സ്റ്റാന്‍ഡില്‍ ശബ്ദം വരുന്ന വഴിയെ എത്തിനോക്കിയാല്‍ വീണ്ടും ഞെട്ടും. ശബ്ദം മാത്രമല്ല, മുഖപരിചയവുമുണ്ട്. അതുതന്നെ, ഒരു പതിറ്റാണ്ട് കാലം ദൂരദര്‍ശനിലും ആകാശവാണിയിലും വാര്‍ത്തകള്‍ വായിച്ച പി. വേണുകുമാര്‍. പോത്തന്‍കോട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ആണെങ്കിലും അനൗണ്‍സറുടെ റോള്‍ ഏറ്റെടുക്കും. ശബ്ദം കേട്ട് അന്വേഷിക്കുന്നവരുണ്ടെന്ന് വേണു തന്നെ സമ്മതിക്കുന്നു.

ബി.എസ്.സി ബി.എഡ്ഡും കഴിഞ്ഞ് ജേര്‍ണലിസത്തിലും പബ്ളിക്ക് റിലേഷന്‍സിലും ബിരുദാനന്തര ഡിപ്ളോമയും എം.ബി.എയും പഠിച്ച കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വേണുവിന് എന്നും വാര്‍ത്താലോകത്തോടായിരുന്നു പ്രിയം. അതും കൂടി തുടരാമെന്ന മോഹത്തിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ കയറിയത്. അങ്ങനെ ഒരേ സമയം, മൂന്നു റോള്‍ ചെയ്തിരുന്ന കാലം. 

വാര്‍ത്താഅവതരണത്തിനിടയിലെ മറക്കാനാവാത്ത അനുഭവം 2008ലാണ്.  ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളും വാര്‍ത്താവായനക്കിടയില്‍ അറിഞ്ഞു.  മുഖപരിചയം യാത്രക്കാര്‍ക്കും ഗുണമുണ്ടായി തുടങ്ങിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ കസേരകളും ഫാനും വാട്ടര്‍ പ്യൂരിഫയറുമൊക്കെ സംഭാവന ചെയ്യിക്കാന്‍ കഴിഞ്ഞു. വേണുവിന്റെ ജീവിതത്തില്‍ വാര്‍ത്താതവരണത്തിന് മാത്രമാണ് താല്‍ക്കാലിക ബ്രേക്ക്. മൈക്കിലൂടെ അറിയിപ്പുകള്‍ തുടരും. 

ENGLISH SUMMARY:

TV News Anchor KSRTC Announcer P Venukumar, a former Doordarshan and All India Radio news presenter, has taken on the role of an announcer at the Pothancode KSRTC bus stand. His clear enunciation and familiar voice are now a unique feature of the station, impressing commuters and leading to positive developments at the bus stand.