TAGS

ലഹരികടത്ത് തടയുന്നതിനും ഇടപാടുകാരെ അതിവേഗം പിടികൂടുന്നതിനും എക്സൈസിന് കീഴിൽ സൈബർ സെന്‍റർ വരുന്നു. കഴക്കൂട്ടം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രഫഷനൽസിൻ്റെ സംഘം മൊബൈൽ ആപ്പ് വഴിയുള്ള ലഹരി ഇടപാടുൾപ്പെടെ പിടികൂടാനും തുടർ അന്വേഷണത്തിനും എക്സൈസിനെ സഹായിക്കും. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ തയാറാക്കിയ രൂപരേഖ സർക്കാരിന് കൈമാറി.

സാങ്കേതിക വിദ്യയിൽ ആരാണ് മുന്നിൽ. കടത്തുകാരാണോ, കടത്തിന് തടയിടാൻ ശ്രമിക്കുന്നവരോ. ലഹരി ഇടപാട് പിടികൂടാനായി ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെടുന്നവർ അതിവിദഗ്ധരായിരിക്കും. അവരുടെ കൈയിൽ എല്ലാ സൗകര്യങ്ങളും സഹായത്തിനുണ്ടാവും. അവിടെയാണ് ലഹരി ഇടപാടുകാരെ തടയാൻ എക്‌സൈസ് ആധുനിക സാങ്കേതിക വിദ്യയെ സ്വന്തം നിലയിൽ കൂട്ടുപിടിക്കുന്നത്. ഫോണിലും, ഇൻ്റർനെറ്റിലും തുടങ്ങി വിവിധ രഹസ്യ ആപ്പുകൾ വഴിയുള്ള ലഹരി വ്യാപനം അന്വേഷിച്ച് തടയുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഉദ്യമം സഹായിക്കും. സാങ്കേതിക വിദ്യയിലൂടെ ഉറവിടം കണ്ടെത്തി വഴിമുടക്കുകയാണ് പ്രധാനം. കഴക്കൂട്ടം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് എക്സൈസ് സൈബർ സെൻ്റർ പ്രതിരോധവഴിയിൽ പുതു ഇടമാവും. മികവുള്ളതും സേവന സന്നദ്ധരുമായ ഐ. ടി പ്രഫഷനലുകളും പ്രത്യേക പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥരും കൈകോർക്കുന്ന കൂട്ടായ്മ. സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി ജി ടെകിൻ്റെ സഹായത്തോടെയുള്ള പ്രവർത്തന രൂപരേഖ. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ടീമിനൊപ്പം ചേരുമ്പോൾ കുറ്റമറ്റ രീതിയിൽ സേവനമൊരുക്കാൻ കഴിയും. ലഹരി ഇടപാടുകാരെ കുറിച്ചുള്ള വിവരം ശേഖരിക്കാൻ പൊലീസ് സഹായം തേടിയിട്ടുണ്ടെന്ന് പറയുന്നതിന് പകരം ഞങ്ങളുടെ അന്വേഷണ സംഘവും സൈബർ വിദഗ്ധരാണെന്ന് പറയുന്ന മട്ടിൽ എക്സൈസിന് മുന്നേറാനാവും.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലമാണ്. ഏത് രഹസ്യ വഴിയിലൂടെയും ഇടപാടിനായി നീങ്ങുന്നവരെ ആ വഴിയുടെ മുന്നേ കയറി പ്രതിരോധിക്കുന്നതിനാണ് എക്സൈസ് ശ്രമം. 

ENGLISH SUMMARY:

Excise cyber center will be established to curb drug trafficking and apprehend dealers swiftly. This initiative leverages technology to combat illicit drug trade, including mobile app-based transactions.