പണി പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്ത മാവേലിക്കര എക്‌സൈസ് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത് താൽകാലിക സംവിധാനത്തിൽ. പുതിയ കെട്ടിടത്തിന്‍റെ രൂപ രേഖയിലെ പാർക്കിങ് സ്ഥലം കൂടി ചേർത്താണ് നിലവിലെ എക്സൈസ് ഓഫിസിന്‍റെ പ്രവർത്തനം. മൂന്ന് നില കെട്ടിടത്തിന്‍റെ ഒരു നില മാത്രം പൂർത്തിയാക്കി 2025 ഓഗസ്റ്റിൽ മുൻ മന്ത്രി എം ബി രാജേഷ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.
ആലപ്പുഴ ജില്ലയിലെ തന്നെ എല്ലാ വിധ സംവിധാനങ്ങളോടും കൂടിയ എക്സൈസ് ഓഫീസ് എന്ന ആശയത്തോടെയാണ് മാവേലിക്കര വഴുവാടിയിൽ 2023 ൽ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ല് ഇട്ടത്. രണ്ട് വർഷം പിന്നിട്ട ശേഷം രൂപരേഖയിൽ ഉണ്ടായിരുന്ന പകുതി പണികൾ പോലും നേരെ പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്തു. അന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ച എക്സൈസ് ഓഫീസ് പൊളിഞ്ഞു വീഴാറായി എന്ന കാരണം പറഞ്ഞായിരുന്നു ധൃതി പിടിച്ചുള്ള ഉദ്ഘാടനം. മൂന്ന് നില കെട്ടിടത്തിനായിരുന്നു രൂപ രേഖ. അതിൽ പണി പൂർത്തിയായത് ഒരു നില മാത്രം.
വാഹനങ്ങളുടെ പാർക്കിങ് സ്ഥലം കൂടി ചേർത്താണ് ഇപ്പോൾ എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്. അന്ന് തന്നെ കോണ്ഗ്രസ് കെട്ടിട നിർമ്മാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
പകുതി നിർമ്മാണ പ്രവർത്തനങ്ങൾ പോലും പൂർത്തിയാകാത്ത കെട്ടിടം ഒരു ഭാഗത്തു കാട് പിടിച്ചു തുടങ്ങിയിട്ടുണ്ട്. 2.71 കോടി രൂപ വകയിരുത്തിയ കെട്ടിടത്തിന്‍റെ ഒന്നാം ഘട്ട പണികൾ പൂർത്തിയാക്കി എന്നാണ് കോണ്ഗ്രസ് പ്രവർത്തക മുത്താര രാജിന് 2025ൽ ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നത്. ഒന്നാം ഘട്ട നിർമ്മാണത്തിന് 1.71 കോടി ചിലവഴിച്ചെന്നും വിവരാവകാശ രേഖയിൽ പറയുന്നു.