കുറുവ മോഷ്ടാക്കള്‍ പ്രതികളായ ആലപ്പുഴയിലെ ആദ്യ കേസില്‍ പ്രോസിക്യൂഷന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിൽ രണ്ടാം പ്രതി കട്ടുപൂച്ചനെ കൂടി കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സന്തോഷ് സെൽവം ഭവനഭേദന കേസിൽ കുറ്റക്കാരനെന്നും കണ്ടെത്തി. സന്തോഷ് സെൽവത്തിന് രണ്ടു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു കുറുവ സംഘം ആലപ്പുഴയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയത്. മുഖംമൂടി ധരിച്ച് എത്തുന്ന അര്‍ധ നഗ്ന സംഘം വീടിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്ന് കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലാണ് മോഷണം നടന്നത്. ചേര്‍ത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര എന്നിവിടങ്ങളിലായിരുന്നു മോഷണം. സംഘത്തിലെ പ്രധാനി സന്തോഷ് ശെല്‍വനെ 2024 നവംബര്‍ പകുതിയോടെ എറണാകുളം കുണ്ടന്നൂര്‍ പാലത്തിനടിയില്‍ നിന്ന് മണ്ണഞ്ചേരി പൊലീസ് പിടികൂടിയിരുന്നു.
കുറുവ സംഘത്തിന്റെ മോഷണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ പ്രധാന പ്രതി സന്തോഷ് ശെൽവത്തിന്റെ കൂട്ടാളിയായിരുന്നു കട്ടുപൂച്ചൻ. സന്തോഷിനെ ചോദ്യം ചെയ്തപ്പോഴാണ്, മോഷണങ്ങൾക്ക് ഒപ്പമുണ്ടായിരുന്നതു കട്ടുപൂച്ചനാണെന്ന വിവരം ലഭിച്ചത്. 2024 നവംബർ 12നാണു മണ്ണഞ്ചേരിയിൽ ഇവർ മോഷണം നടത്തിയത്. റോഡുമുക്കിനു പടിഞ്ഞാറ് മാളിയേക്കൽ ഇന്ദു കുഞ്ഞുമോൻ, കോമളപുരം നായിക്യംവെളി വി.എ.ജയന്തി എന്നിവരുടെ വീടുകളിലായിരുന്നു മോഷണം നടന്നത്. ഇതിനു പുറമേ പുന്നപ്രയിൽ വീട്ടിൽ കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതും ഇയാളാണ്.
2013ൽ മാരാരിക്കുളത്ത് അമ്മയും മകളും മാത്രമുള്ള വീട്ടിൽ കയറി അവരെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ കട്ടുപൂച്ചനെ 18 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്തു ജയിൽ ഒഴിപ്പിക്കലിന്റെ ഭാഗമായി 2020ൽ പുറത്തിറങ്ങിയതോടെ വീണ്ടും മോഷണം തുടരുകയായിരുന്നു. പുന്നപ്ര, പുളിങ്കുന്ന്, കോട്ടയം ജില്ലയിലെ കടത്തുരുത്തി, എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ, വടക്കേക്കര എന്നിവിടങ്ങളിലും ഇയാൾ മോഷണം നടത്തിയതായി കണ്ടെത്തിയിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ കട്ടുപൂച്ചനെ കണ്ടെത്താനായിരുന്നില്ല. ഇതോടെ 'മിഷൻ കട്ടുപൂച്ചൻ' എന്ന പേരിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. മുൻപ് മൂന്നു തവണ കട്ടുപൂച്ചനെ അന്വേഷിച്ച് പൊലീസ് സംഘം മധുരയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ 2025 മാര്‍ച്ചിലാണ് തമിഴ്നാട് മധുരയില്‍ നിന്ന് ഇയാളെ പിടികൂടിയത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിനൊപ്പം വീട്ടിലുള്ളവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.