• ​ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പിണറായി വിജയന്‍ സര്‍ക്കാരിലെ മൂന്നാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അറസ്റ്റില്‍. എന്‍.വാസുവിനും എ.പത്മകുമാറിനും പിന്നാലെ പി.എസ്. പ്രശാന്തും.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറസ്റ്റില്‍. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും കസ്റ്റഡിയിലെടുത്തു. 2025ല്‍ ദ്വാരപാലക ശില്‍പപാളികള്‍ സ്വര്‍ണം പൂശിയത് 2019ലെ സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള ഗൂഡാലോചനയെന്ന് ആരോപിച്ചാണ് എസ്.ഐ.ടിയുടെ നടപടി. രാഷ്ട്രീയ പ്രേരിതമായി അറസ്റ്റിന് ശ്രമിക്കുന്നൂവെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അന്വേഷണസംഘത്തിന്‍റെ നീക്കം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പിണറായി വിജയന്‍ സര്‍ക്കാരിലെ മൂന്നാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അറസ്റ്റില്‍. എന്‍.വാസുവിനും എ.പത്മകുമാറിനും പിന്നാലെ പി.എസ്. പ്രശാന്തും. ഭക്തജനങ്ങളെ 2025ല്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? ഇന്ന് പുലര്‍ച്ചെ ആറരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.  ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പില്‍ നടപടിക്രമകങ്ങളെല്ലാം പാലിച്ചാണ് തന്‍റെ കാലത്ത് ശില്‍പ്പപാളികളില്‍ സ്വര്‍ണം പൂശിയതെന്ന് വിശദീകരിക്കുകയും അറസ്റ്റിന് പിന്നില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ രാഷ്ട്രീയനീക്കമെന്ന് ആരോപിക്കുകയും ചെയ്തു. കുറിപ്പ് വാര്‍ത്തയാകുന്നതിനിടെ, രാവിലെ എട്ടരയോടെയാണ് SIT പ്രശാന്തിന്‍റെ വീട്ടിലെത്തിയതും കസ്റ്റഡിയിലെടുത്തതും. നേരെ കൊല്ലം പൊലീസ് ക്ലബിലേക്ക്.

 

2019ലെ സ്വര്‍ണക്കൊള്ള മറക്കാനായാണ് 2025ല്‍ ശില്‍പ്പപാളികള്‍ സ്വര്‍ണം പൂശിയത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും മുരാരി ബാബുവും ചേര്‍ന്നുള്ള ഗൂഡാലോചനയില്‍ പി.എസ്.പ്രശാന്തും 2025ലെ ബോര്‍ഡും പങ്കാളിയായെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. മൂന്ന് തവണ പ്രശാന്തിനെ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയും അറസ്റ്റും. പ്രശാന്തിന് പിന്നാലെ സി.പി.ഐ നേതാവ് അജികുമാറിനെയും കസ്റ്റഡിയിലെടുത്ത് കൊല്ലം പൊലീസ് ക്ളബിലെത്തിച്ചു. 2025ലെ തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്തേക്കും. കോണ്‍ഗ്രസ് നേതാവായിരുന്ന പ്രശാന്ത്, 2021ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ്  സി.പി.എമ്മിലെത്തിയത്. പ്രശാന്ത് അറസ്റ്റിലായതോടെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തിനിടെ നിയോഗിച്ച അഞ്ച് ദേവസ്വം ബോര്‍ഡില്‍ മൂന്നെണ്ണവും സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനാത്തായി.

ENGLISH SUMMARY:

Former Travancore Devaswom Board president P.S. Prashanth has been arrested in connection with the Sabarimala gold theft case. Aji Kumar, who was a board member, has also been taken into custody. The SIT action comes amid allegations that the gold-plating of the Dwarapalaka idol panels in 2025 was part of a conspiracy to cover up the 2019 gold theft. The investigation team's move came shortly after Prashanth wrote on Facebook alleging that attempts were being made to arrest him for political reasons.