പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മൂന്ന് തവണ മാറ്റിവെച്ചു. ജൂലൈ മൂന്നിന് മുന്‍പ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം പ്രസിദ്ധീകരിക്കാനായിട്ടില്ല. കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. ഫലം വൈകുന്നതിനാൽ സേ പരീക്ഷ എഴുതിയ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. ഫലപ്രഖ്യാപനം വൈകുന്നതിന് വിവിധ കാരണങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നിരത്തുന്നത്.
സെൻസസ് ഡ്യൂട്ടി കാരണം മൂല്യ നിർണയത്തിന് വേണ്ടത്ര അധ്യാപകരെ ലഭിച്ചില്ല എന്നതാണ് പ്രധാന കാരണമായി പറയുന്നത്. ഗൾഫ് മേഖലയിലെ പരീക്ഷകൾ യുദ്ധസാഹചര്യത്തിൽ വൈകിയിരുന്നു.
സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലപ്രഖ്യാപനത്തിന് തടസമായെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. കഴിയുന്നതും ഞായറാഴ്ചക്കുമുൻ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.