പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചുള്ള ഇ.ഡി (ED) റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ.ഡി നൽകിയ റിപ്പോർട്ടാണെന്ന ഒറ്റ കാരണം കൊണ്ട് മാത്രം അതിലെ വിവരങ്ങൾ തള്ളിക്കളയില്ലെന്നും കൃത്യമായ നിയമപരിശോധനയ്ക്ക് ശേഷം തുടർതീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം മന്ത്രിസഭാ യോഗ വിശദീകരിച്ചുകൊണ്ട് അറിയിച്ചു. കോൺഗ്രസ് നേതാക്കൾ മുൻപ് ഇ.ഡി കേസുകൾ നേരിട്ടപ്പോൾ ഉദ്യോഗസ്ഥരുടെ വാഹനം തല്ലിത്തകർക്കുകയല്ല ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഹുൽ ഗാന്ധിയുമായി കേന്ദ്ര പദ്ധതിയായ 'പി.എം ശ്രീ' (PM SHRI) സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി സംസാരിച്ച വിവരങ്ങൾ പൊതുവിടത്തിൽ ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അത് ആരോടെങ്കിലും പറഞ്ഞതായി അറിവില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, ചർച്ച നടത്തിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. പി.എം ശ്രീ പദ്ധതിയുടെ സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60-ൽ നിന്നും 62 വയസ്സായി ഉയർത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രിസഭാ യോഗ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയ്ക്ക് 5 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും സുപ്രീംകോടതി സീനിയർ അഭിഭാഷക പാനലിന് അംഗീകാരം നൽകാനും യോഗം തീരുമാനിച്ചു.