125 വർഷത്തെ സർവകാല റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഓഗസ്റ്റിലെ കൊടുംചൂടിന് പിന്നാലെ, സെപ്റ്റംബർ മാസത്തിലും രാജ്യത്ത് ചൂട് സാധാരണയേക്കാൾ ഉയർന്നുനിൽക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം. കഴിഞ്ഞ മാസത്തെ അസാധാരണ രാത്രികാല ചൂട് രാജ്യത്തെ വൈദ്യുതി വിതരണത്തെയും കാർഷിക മേഖലയെയും കാര്യമായി ബാധിച്ച പശ്ചാത്തലത്തിൽ, വരും ആഴ്ചകളിലെ കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വെളിപ്പെടുത്തിയാണ് രാജ്യത്തെ ദേശീയ ശരാശരി താപനില 28.01 ഡിഗ്രി സെല്‍ഷ്യസിലായി ഉയര്‍ന്ന‍ത്. മുന്‍കാലങ്ങളിലെ സ്വാഭാവിക ശരാശരിയായ 27.34 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 0.67 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണിത്. രാത്രികാലങ്ങളില്‍ അനുഭവപ്പെടുന്ന ശരാശരി കുറഞ്ഞ താപനില 24.36 ഡിഗ്രി സെല്‍ഷ്യസ് തൊട്ടു. (സാധാരണ കണക്കാക്കാറുള്ള 23.68 ഡിഗ്രിയെക്കാള്‍ 0.68 ഡിഗ്രി സെല്‍ഷ്യസ്) പകല്‍സമയത്തെ ചൂടിനെക്കാള്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്നത് രാത്രികാല താപനിലയില്‍ വന്ന ഈ അഭൂതപൂര്‍വമായ വര്‍ധനവാണ്. 

Also read: 125 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; റെക്കോർഡുകൾ ഭേദിച്ച് ഓഗസ്റ്റ്! സെപ്റ്റംബറിലും രക്ഷയില്ല

ഓഗസ്റ്റ് മാസത്തിൽ രാജ്യം സാക്ഷ്യം വഹിച്ച 125 വർഷത്തെ ഏറ്റവും ഉയർന്ന ചൂടിന് കാരണം അന്തരീക്ഷത്തിൽ രൂപപ്പെട്ട അസാധാരണ ശാസ്ത്രീയ സാഹചര്യങ്ങളെന്ന് കാലാവസ്ഥാ ഗവേഷകർ വിശദീകരിക്കുന്നു .

1. തെർമൽ റേഡിയേഷൻ ട്രാപ്പിങ് അതായത് Nocturnal Greenhouse എഫക്ട്

മൺസൂൺ സീസണായതിനാൽ അന്തരീക്ഷത്തിൽ വലിയ തോതിൽ ഈർപ്പം തങ്ങിനിന്നിരുന്നു. ജലബാഷ്പം ഏറ്റവും ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്. ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് വരെ പല സംസ്ഥാനങ്ങളിലും മഴയില്‍ കാര്യമായ കുറവുണ്ടായി. അന്തരീക്ഷത്തിലെ അമിതമായ ഈര്‍പ്പവും മഴ പെയ്യാതെ ആകാശം തെളിഞ്ഞുനിന്നതും കാരണം,  പകൽ ഭൂമി സംഭരിച്ച താപം രാത്രിയിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാൻ ശ്രമിച്ചപ്പോൾ ഈർപ്പം ആ ചൂടിനെ തടഞ്ഞുവെച്ചു. ഇത് രാത്രികളിലും താപനില ഉയര്‍ന്നു നിന്ന് കടുത്ത ഉഷ്ണതരംഗ സമാനമായ സാഹചര്യമുണ്ടാക്കി. കിഴക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രാത്രി ചൂട് ഏറ്റവും കൂടുതലാണ് അനുഭവപ്പെടുന്നത്

 2. മൺസൂൺ ബ്രേക്കുകളും നേരിട്ടുള്ള വികിരണവും.

ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് വരെ മഴയുടെ ലഭ്യതയിലുണ്ടായ അസന്തുലിതാവസ്ഥ മറ്റൊരു കാരണമാണ്.  മൺസൂൺ പാത്തി ഹിമാലയൻ താഴ്‌വരകളിലേക്ക് മാറിയതോടെ രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് മേഘാവരണം ഇല്ലാതായി. സൂര്യരശ്മികൾ നേരിട്ട് ഉപരിതലത്തിൽ പതിച്ചതോടെ ഉപരിതല താപനില അതിവേഗം ഉയര്‍ന്ന് ഭൂമി അമിതമായി ചൂടായി. 

 3. എൽ നിനോ പ്രതിഭാസം

ശാന്തസമുദ്രത്തിലെ അസാധാരണ ചൂട് ഇന്ത്യയ്ക്ക് മുകളിലുള്ള വായുപ്രവാഹത്തെ വരണ്ടതാക്കുകയും സ്വാഭാവിക മഴമേഘങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

 4. അർബൻ ഹീറ്റ് ഐലൻഡ് പ്രഭാവം

നഗരങ്ങളിലെ കോൺക്രീറ്റ് കെട്ടിടങ്ങളും ടാർ റോഡുകളും പകൽ ശേഖരിച്ച ചൂട് രാത്രിയിൽ പുറത്തുവിട്ടത് സ്വാഭാവിക തണുപ്പിക്കൽ പ്രക്രിയയെ പൂർണമായും തടസ്സപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം ഇനി ഭാവിയിലെ വെല്ലുവിളിയല്ല മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തെയും രാത്രികളെയും പോലും നേരിട്ട് ബാധിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യമാണെന്നാണ് ഓഗസ്റ്റിലെ ഈ റെക്കോര്‍ഡുകള്‍ തെളിയിക്കുന്നത്. കേവലം താപനിലയിലെ അക്കങ്ങളായല്ല മറിച്ച് ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യത്തിനും ഊര്‍ജമേഖലയ്ക്കും നേരെയുള്ള അപായമണിയായി വേണം ഈ മുന്നറിയിപ്പിനെ കാണാന്‍. ശാസ്ത്രീയ വിശകലനങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഉള്‍ക്കൊണ്ട് അടിയന്തര നയരൂപീകരണങ്ങളും ദീര്‍ഘകാല പ്രതിരോധപദ്ധതികളും നടപ്പിലാക്കേണ്ട സമയവും അതിക്രമിക്കുകയാണ്. 

ENGLISH SUMMARY:

The extreme heat in India, with August breaking 125-year records, is analyzed with four key scientific reasons contributing to the phenomenon. Understanding these factors is crucial for addressing the immediate and future challenges posed by climate change.