heat-image1

മഴക്കാലമെന്ന് പറയുമ്പോഴും ചൂടിന് കുറവില്ല. രാജ്യത്തെ കാലാവസ്ഥാ ചരിത്രത്തിലെ തന്നെ നിർണായകമായ ഒരു റെക്കോർഡിനാണ് 2026 ഓഗസ്റ്റ് സാക്ഷ്യം വഹിച്ചത്. 1901ൽ രാജ്യവ്യാപകമായി താപനില രേഖപ്പെടുത്തൽ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റായി 2026 ഓഗസ്റ്റ് മാറി. 1901 ൽ ഔദ്യോഗികമായി കാലാവസ്ഥാ വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസമാണ് രാജ്യം അനുഭവിച്ചതെന്ന് ഐഎംഡിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം ഓഗസ്റ്റിലെ രാജ്യത്തെ ശരാശരി താപനില 28.01 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദീർഘകാല ശരാശരി 27.34 ഡിഗ്രി സെൽഷ്യസാണ്. അതായത് സാധാരണയെക്കാൾ 0.67 ഡിഗ്രി അധിക ചൂട്.

ജൂലൈ പകുതിയോടെ ആരംഭിച്ച് ഓഗസ്റ്റിൽ മൂർധന്യത്തിലെത്തിയ ഈ അസാധാരണ ചൂട് കാർഷിക മേഖലയെയും പൊതുജനാരോഗ്യത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നു. 1901ന് ശേഷമുള്ള ഓഗസ്റ്റ് മാസങ്ങളിലെ ഏറ്റവും ഉയർന്ന ശരാശരി  താപനിലയാണിത്. അതായത് 125 വർഷത്തെ രേഖയിൽ ഇത്രയും ചൂടേറിയ രാത്രികൾ മറ്റൊരു ഓഗസ്റ്റിലും ഉണ്ടായിട്ടില്ല. പകൽസമയത്തെ ചൂടിനേക്കാൾ കാലാവസ്ഥാ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത് രാത്രികാല താപനിലയിൽ വന്ന ഈ അഭൂതപൂർവമായ വർധനവാണ്. സാധാരണയായി മൺസൂൺ മാസങ്ങളിൽ മഴയും മേഘാവൃതമായ അന്തരീക്ഷവും ഭൂമിയെ തണുപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിന്നതും ആകാശം തെളിഞ്ഞതുമൂലം താപം ബഹിർഗമിക്കാതിരുന്നതും രാത്രികളിലും കടുത്ത ഉഷ്ണം നിലനിൽക്കാൻ കാരണമായി.

കാരണങ്ങൾ

  • മൺസൂണിലെ അസ്ഥിരത: ജൂലൈ പകുതി മുതൽ ഓഗസ്റ്റ് വരെ പല സംസ്ഥാനങ്ങളിലും മഴയിൽ കാര്യമായ കുറവുണ്ടായി. തുടർച്ചയായ 'മൺസൂൺ ബ്രേക്കുകൾ' മണ്ണിന്റെയും അന്തരീക്ഷത്തിന്റെയും ഈർപ്പം കുറയ്ക്കുകയും ഉപരിതല താപം വർധിക്കാൻ വഴിയൊരുക്കുകയും ചെയ്തു. 
  • എൽ നിനോ പ്രതിഭാസം: ശാന്തസമുദ്രത്തിലെ ഉപരിതല താപനില ഉയരുന്ന എൽ നിനോ സാഹചര്യം ഇന്ത്യൻ മൺസൂണിന്റെ സ്വാഭാവിക ഒഴുക്കിനെ സാരമായി ബാധിച്ചു.
  • ആഗോളതാപനം: ആഗോളതലത്തിൽ തന്നെ സമീപകാല ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലൊന്നായി ഓഗസ്റ്റ് വിലയിരുത്തപ്പെടുമ്പോൾ, ഇന്ത്യയിലെ സാഹചര്യവും ഇതിന്റെ ഭാഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രത്യാഘാതങ്ങള്‍

മൺസൂൺ കാലത്ത് ലഭിക്കേണ്ട സുഖകരമായ കാലാവസ്ഥയ്ക്ക് പകരം വേനലിന് സമാനമായ ചൂട് അനുഭവപ്പെടുന്നത് ഖാരിഫ് വിളകളുടെ ഉത്പാദനത്തെ ബാധിക്കാൻ ഇടയാക്കും. രാത്രികാലങ്ങളിൽ അന്തരീക്ഷം തണുക്കാതിരിക്കുന്നത്  ഉറക്കമില്ലായ്മയ്ക്കും നിർജലീകരണം അടക്കം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

ഈ സാഹചര്യം കേവലം ഒരു മാസത്തെ കാലാവസ്ഥാ വ്യതിയാനം മാത്രമല്ലെന്നും രാജ്യം കൂടുതൽ തീവ്രമായ കാലാവസ്ഥാ പ്രതിസന്ധികളിലേക്ക് നീങ്ങുന്നതിന്റെ അപായസൂചനയാണെന്നും ഐ.എം.ഡി വ്യക്തമാക്കുന്നു. സെപ്തംബറിലും ആശ്വാസം ഉറപ്പില്ലെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്. സെപ്തംബര്‍ മഴ ദീര്‍ഘകാല ശരാശരിയുടെ 91 ശതമാനത്തില്‍ താഴെയാകാനാണ് സാധ്യത. അതേസമയം മാസത്തിലെ ശരാശരി പരമാവധി താപനില സാധാരണയേക്കാള്‍ ഉയര്‍ന്നേക്കാമെന്നും ഐഎംഡി വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

India recorded its hottest August in 125 years since official weather documentation began in 1901, according to the India Meteorological Department. The average nationwide temperature reached 28.01°C in August 2026, surpassing the long-period average of 27.34°C due to unusual night-time warming and prolonged monsoon breaks. Climatologists attribute this extreme heat to El Niño conditions, cloudless humid skies, and accelerating global warming trends. The IMD has further warned that September may also bring below-normal rainfall alongside higher-than-average maximum temperatures, posing severe risks to agriculture and public health.