എംഎൽഎയുടെ ഭാര്യഎന്ന നിലയില്‍ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി . 50 വർഷമായി പൊതുരംഗത്തുള്ള തന്നെക്കുറിച്ച് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. വിതുമ്പിക്കരഞ്ഞാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ശ്രീമതി വ്യക്തമാക്കി. യൂട്യൂബ് ചാനലുകൾ വഴി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. തനിക്കെതിരെ ഇത്തരം കുപ്രചാരണങ്ങൾ നിരന്തരം നടക്കുന്നുണ്ടെന്നും, ഇപ്പോള്‍ അത് അതിരുകടന്നെന്നും അവർ പ്രതികരിച്ചു.
ആരോടും ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും, എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ആരും ഈ വിഷയത്തിൽ തന്നോട് യാതൊന്നും ചോദിക്കാൻ തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. സമൂഹത്തിന് മുന്നിൽ തനിക്ക് അവമതിപ്പുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരിക്കുന്നതെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.