ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദനക്കേസ് അട്ടിമറിച്ചെന്ന ആരോപണം നിഷേധിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. ഡിജിപിക്ക് നൽകിയ വിശദീകരണത്തിലാണ് ആരോപണങ്ങൾ നിഷേധിച്ചത്. കേസ് ഫയൽ തിരുത്താൻ താന്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദമോ ഭീഷണിയോ ചെലുത്തിയിട്ടില്ലെന്നും അജിത്കുമാര്‍ പറയുന്നു. ഇന്നലെയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് അജിത്കുമാര്‍ വിശദീകരണം നല്‍കിയത്.
കേസിലെ പ്രതികളായ പിണറായി വിജയന്‍റെ ഗൺമാൻമാരെ രക്ഷിക്കാൻ വേണ്ടി അജിത്കുമാര്‍ ഇടപെട്ടുവെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണത്തില്‍ പറയപ്പെടുന്ന ദിവസങ്ങളിൽ താൻ വയനാട് ദുരന്തത്തിന്റെ ഭാഗമായ ഡ്യൂട്ടിയിലായിരുന്നു. ഈ ദിവസങ്ങളിൽ രക്ഷാപ്രവർത്തന മര്‍ദനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ല. കേസന്വേഷണം വേഗത്തിൽ ആക്കണമെന്ന പൊതുനിർദ്ദേശം മാത്രമാണ് നൽകിയതെന്നും അജിത് കുമാർ വാദിക്കുന്നു. അജിത് കുമാറിന്‍റെ മറുപടി വിലയിരുത്തി ഡിജിപി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറിയേക്കും. അജിത്കുമാറിന്റെ വിശദീകരണം ഡിജിപി തള്ളുമോ എന്നത് നിർണായകമാണ്. അതനുസരിച്ച് ആവും സർക്കാർ നടപടിയെടുക്കുക.
കേസില്‍ എഡിജിപി അജിത്കുമാറിന്‍റെ ഓഫിസ് ഇടപെട്ടുവെന്നും ഫയലുകള്‍ തിരുത്തിയതില്‍ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഫയലുകള്‍ തിരുത്താന്‍ അജിത്കുമാര്‍ നിര്‍ബന്ധിച്ചുവെന്നും മൊഴികളിലുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുത്താല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായേക്കുമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് കൂടുതല്‍ വ്യക്തതയ്ക്ക് ഡിജിപി നിര്‍ദേശിച്ചത്. ഈ മാസം 31നാണ് അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടത്. അതിന് മുന്‍പായി നടപടിയുണ്ടാകുമെന്നാണ് സൂചന.