നെന്മാറ ഇരട്ടക്കൊലപാതകക്കേസ് വിചാരണയ്ക്കിടെ പ്രതിഭാഗം വക്കില്‍ ചോദ്യങ്ങള്‍ തയാറാക്കിയത് ചാറ്റ്ജിപിടി ഉപയോഗിച്ച്. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കവേ ഈ വിവരങ്ങള്‍ വച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുഫലിപ്പിക്കാന്‍ പ്രതിഭാഗം വക്കീല്‍ ശ്രമിച്ചു.
ചാറ്റ് ജിപിടി ഉപയോഗിച്ച് തയാറാക്കിയ ചോദ്യങ്ങള്‍ കൃത്യമായി ടാക്കിള്‍ ചെയ്യാന്‍ പറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 2025 ഫെബ്രുവരി 3ന് പാലക്കാട് ഡിപിഒയില്‍ വച്ച് മുന്‍ ഡിഐജി ഹരിശങ്കര്‍ ഒരു മോക് ട്രയല്‍ നടത്തിയിരുന്നു. അദ്ദേഹം പ്രതിഭാഗം വക്കീലും മുന്‍ എസ്പി അജിത് കുമാര്‍ ജഡ്ജിയും ഉള്‍പ്പെട്ട മോക് ട്രയലില്‍ താനും പങ്കാളിയായിരുന്നു. അന്ന് അദ്ദേഹം ചോദിച്ച ചോദ്യങ്ങളെക്കാള്‍ കൂടുതലൊന്നും കോടതിയില്‍ ചോദിച്ചില്ല. വിചാരണയ്ക്ക് ഉള്‍പ്പെടെ പൊലീസ് കൃത്യമായ മുന്നൊരുക്കം നടത്തി.സാക്ഷികളെ സ്ഥലത്തെത്തിക്കാനും അവരെക്കൊണ്ട് സത്യം ബോധ്യപ്പെടുത്താനുമായെന്നും ഡിവൈഎസ്പി പറഞ്ഞു.
അന്വേഷണത്തില്‍ വലിയ പ്രതിസന്ധികളാണ് ഉദ്യോഗസ്ഥര്‍ നേരിട്ടത്. ചെന്താമരയുടെ ജ്യേഷ്ഠന്‍ രാധാകൃഷ്ണന്‍, അദ്ദേഹത്തിന്‍റെ ഭാര്യ, അയല്‍വാസി പൊന്നു, ഗിരീഷ് എന്നീ സാക്ഷികള്‍ കൂറുമാറി. 28–29 ദിവസം കൊണ്ട് കുറ്റപത്രം തയാറാക്കിയെങ്കിലും ദൃക്സാക്ഷികളെ കണ്ടുപിടിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഒടുവില്‍ ഗിരീഷിനെ കണ്ടെത്തി. അന്ന് അദ്ദേഹം കൃത്യമായി മൊഴി നല്‍കിയെങ്കിലും പിന്നീട് കോടതിയില്‍ കൂറുമാറി. പ്രധാനപ്പെട്ട സാക്ഷികളുടെ എല്ലാം മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിരുന്നു. അവര്‍ ഭാവിയില്‍ കൂറുമാറാന്‍ സാധ്യതയുണ്ട് എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.
മുന്‍ എസ്പി അജിത് കുമാര്‍ നിര്‍ദേശിച്ച പ്രകാരം ഇവരുടെയെല്ലാം ഗൂഗിള്‍ ടൈംലൈന്‍ എടുത്തിരുന്നു. അതിലും കോടതിയില്‍ ചോദ്യം ഉണ്ടായിരുന്നു. അവരുടെ ഗ്രിഡ് റഫറന്‍സ്. അവരുടെ കൃത്യമായ ലൊക്കേഷന്‍ മാപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ മുന്നൊരുക്കള്‍ നടത്തിയതെന്നും ഡിവൈഎസ്പി മുരളീധരന്‍ പറഞ്ഞു.