കേരളത്തെ ഞെട്ടിച്ച നെന്മാറ കേസിൽ ഒടുവിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും കൊലപാതകം അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്നും നിരീക്ഷിച്ച പാലക്കാട് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിലെ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചത്. എന്നാൽ, ഈ കേസിന് പിന്നിൽ വർഷങ്ങൾ നീണ്ട പകയുടെയും കൊലപാതകങ്ങളുടെയും കഥയുണ്ട്.

2019 ഓഗസ്റ്റ് 31: സജിതയുടെ കൊലപാതകം

നെന്മാറ ബോയൻ ഉന്നതിയിലെ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത് 2019 ഓഗസ്റ്റ് 31നാണ്. ചെന്താമരയും ഭാര്യയും മക്കളും അകന്നു കഴിയുകയായിരുന്നു. കുടുംബബന്ധത്തിലെ പ്രശ്നങ്ങൾക്ക് സജിതയും കുടുംബവും കാരണക്കാരാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം എന്നാണ് കേസ്. കൊലപാതകക്കേസിൽ അറസ്റ്റിലായ ചെന്താമര പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇയാൾ വീണ്ടും ബോയൻ ഉന്നതിയിലെത്തി.

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഭീഷണി

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകി. നാട്ടുകാരും ചെന്താമരയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് പിന്നീട് ഉയർന്ന ആരോപണം. ഈ പരാതികളിൽ കൃത്യമായ നടപടി ഉണ്ടായിരുന്നെങ്കിൽ പിന്നീട് നടന്ന കൊലപാതകങ്ങൾ ഒഴിവാക്കാമായിരുന്നോ എന്ന ചോദ്യവും ഉയർന്നു.

2025 ജനുവരി 27: വീണ്ടും കൊലപാതകം

2019ലെ സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര, വർഷങ്ങൾക്കുശേഷം വീണ്ടും കൊലപാതകം നടത്തി. 2025 ജനുവരി 27ന് സ്കൂട്ടറുമായി വീട്ടിൽനിന്ന് ഇറങ്ങിയ സുധാകരനെ ചെന്താമര വീടിന് മുന്നിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി. നിലവിളി കേട്ട് ഓടിയെത്തിയ സുധാകരന്‍റെ അമ്മ ലക്ഷ്മിയെയും പ്രതി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരും പിന്നീട് മരിച്ചു. രണ്ട് കൊലപാതകങ്ങൾക്ക് പിന്നാലെ പൊലീസ് അനാസ്ഥ ആരോപിച്ച് അന്നത്തെ നെന്മാറ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

രണ്ട് രാത്രിയും രണ്ട് പകലും; കാട്ടിൽ ഒളിച്ച് ചെന്താമര

കൊലപാതകങ്ങൾക്ക് പിന്നാലെ ചെന്താമര പോത്തുണ്ടി വനമേഖലയിലേക്ക് കടന്നു. കാടുമായി അടുത്ത പരിചയമുണ്ടായിരുന്ന പ്രതി പൊലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ച് വനമേഖലയിൽ തന്നെ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തി.

വിശക്കുമ്പോൾ ചെന്താമര ഭക്ഷണം തേടി വീട്ടിലെത്തുമെന്ന ബന്ധുക്കളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തന്ത്രം മെനഞ്ഞു. രണ്ട് രാത്രിയും രണ്ട് പകലും നീണ്ട തിരച്ചിലിനൊടുവിൽ ചെന്താമര വീട്ടിലെത്തിയപ്പോൾ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

2025 ഒക്ടോബർ 18: സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം

അതിനിടെ, സജിത കൊലക്കേസിന്റെ വിചാരണ പൂർത്തിയായി. കേസിൽ പ്രോസിക്യൂഷൻ 44 സാക്ഷികളെ വിസ്തരിച്ചു. ചെന്താമരയുടെ ഭാര്യയും സഹോദരനും കൊല്ലപ്പെട്ട സജിതയുടെ മകളും ഉൾപ്പെടെയുള്ളവർ പ്രോസിക്യൂഷൻ സാക്ഷികളായി മൊഴി നൽകി. സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 2025 ഒക്ടോബർ 18ന് ഇരട്ട ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു.  എന്നാൽ, അപ്പോഴേക്കും ചെന്താമര മറ്റൊരു ഇരട്ടക്കൊലക്കേസിലും പ്രതിയായിരുന്നു.

2026 ജൂലൈ: സുധാകരൻ–ലക്ഷ്മി കൊലക്കേസിൽ വധശിക്ഷ

സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലും ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ നാല് സാക്ഷികൾ കൂറുമാറിയെങ്കിലും, പ്രതിക്കെതിരായ ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയതിനാൽ ഇത് കേസിനെ ബാധിച്ചില്ല. ഒടുവിൽ, പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും കൊലപാതകം അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്നും നിരീക്ഷിച്ച കോടതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു.

ENGLISH SUMMARY:

A Palakkad additional sessions court has sentenced the accused, Chenthamara, to death for the brutal double murder of Sudhakaran and his mother Lakshmi in the high-profile Nenmara case. The deadly sequence began in August 2019 when Chenthamara murdered a local woman named Sajitha over family disputes, later securing bail before allegedly threatening the victims' family despite police complaints. While out on bail, he committed the second double murder in January 2025, ruthlessly hacking Sudhakaran and Lakshmi to death before spending two days hiding in the Pothundy forest area. Following his subsequent arrest, he received a double life sentence for the Sajitha murder in October 2025, culminating in the recent death penalty for the latter killings due to the rarest of rare nature of the crime.