school-holiday-worldcup

TOPICS COVERED

ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്‍റെ ആവേശം കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അര്‍ജന്‍റീന സ്പെയിന്‍ ഫൈനല്‍ മല്‍സരം പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

അര്‍ജന്‍റീന സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സരത്തിനിടെ വൈദ്യുതി തടസമുണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് രാവിലെ തുടങ്ങി നാളെ പുലര്‍ച്ചെ വരെ വൈദ്യുതി മുടങ്ങാതിരിക്കാന്‍ കൂടുതല്‍ പണം നല്‍കി ഇരുപത്തി നാല് മണിക്കൂര്‍ നേരത്തേക്കുള്ള കരാറിലൂടെ മതിയായ വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ വൈദ്യുതോല്‍പാദനം പരമാവധി ഉയര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെഗുലേറ്ററി കമ്മിഷന്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ന് രാത്രി മുതല്‍ 200 മെഗാവാട്ട് വൈദ്യുതി കൂടി സംസ്ഥാനത്തിന് കൂടുതലായി ലഭിക്കും. കേന്ദ്രവിഹിതവും, പവര്‍ എക്സ്ചേഞ്ചില്‍ നിന്നും കിട്ടുന്നതും കഴിഞ്ഞാല്‍ മുന്നൂറ് മെഗാവാട്ടിന്‍റെ കുറവാണ് ദിവസേന രേഖപ്പെടുത്തുന്നത്. പ്രതിദിന വൈദ്യുതി ഉപയോഗത്തിന്‍റെ കാര്യത്തിലും കുറവ് വരുന്നതിനാല്‍ ഒരിടത്തും കറണ്ട് കട്ടുണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം അറിയിച്ചു. 

ഫുട്ബോളിലെ ലോകചാംപ്യന്‍മാരെ നാളെ  പുലര്‍ച്ചെ അറിയാം. ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്‍റീന മുന്‍ ലോകകപ്പ് ജേതാക്കളായ സ്പെയിനിനെ നേരിടും. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ  ഇന്നുരാത്രി പന്ത്രണ്ടരയ്ക്കാണ് മല്‍സരം.   

ഇന്നത്തെ രാത്രി പകലിന് വഴിമാറുമ്പോള്‍ ഫുട്ബോള്‍ ലോകത്തിന് പുതിയ കിരീടാവകാശിയെ കിട്ടും. ലോകഫുട്ബോളില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്‍റീനയും  രണ്ടാം റാങ്കുകാരായ സ്പെയിനും ന്യൂയോര്‍ക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തില്‍ സര്‍വ സന്നാഹങ്ങളുമായി എത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. 

നിലവിലെ ലോകകപ്പ് ജേതാക്കളാണ് അർജന്‍റീന. യൂറോപ്യൻ ചാംപ്യന്മാരാണ് സ്പെയിന്‍. ലോകത്തിലേറ്റവം കൂടുതല്‍ ജനങ്ങള്‍ നേരിട്ടും മറ്റുമാധ്യമങ്ങള്‍ വഴിയും തല്‍സമയം ശ്രദ്ധിക്കുന്ന മല്‍സരമായി ഇത് മാറും. ഇരുടീമുകളുടെയും ചരിത്രവും മാറിനിക്കും. രണ്ടുവിസിലുകള്‍ക്ക് മധ്യേയുള്ള സമയം എങ്ങനെ വിനിയോഗിക്കുമെന്നത്  ഇരുടീമുകളുടെയും വിധി നിര്‍ണയിക്കും. 

അർജന്‍റീന തുടർച്ചയായി ലോകകപ്പ് കിരീടം നിലനിർത്താൻ ശ്രമിക്കുന്നു. 1958 ലും 62 ലും തുടരെ രണ്ട് ലോകകപ്പ് നേടിയ ബ്രസീലിന്‍റെ റെക്കോര്‍ഡാണ്  അര്‍ജന്‍റീനയെക്കാത്തിരിക്കുന്നത്. ജയിച്ചാല്‍ അവരുടെ നാലാം ലോകകപ്പാകും ഇത്. 1978, 1986, 2022 വര്‍ഷങ്ങളിലാണ് അര്‍ജന്‍റീന ചാംപ്യന്മാരായിരുന്നത്. 2010 ല്‍ ലോകകിരീടം നേടി സ്പെയിന്‍ ലക്ഷ്യമിടുന്നത് അവരുടെ രണ്ടാം ലോകകപ്പ്. ഖത്തറില്‍ കപ്പുകയര്‍ത്തിയ  ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഇത്. 

സ്പാനിഷ് സംസാരിക്കുന്ന ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട് .ലോകകപ്പ് മത്സരത്തിൽ ഇരു രാജ്യങ്ങളും മുമ്പ് ഏറ്റുമുട്ടിയത് 1966 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമാണ്. അന്ന് അർജന്‍റീന 2-1ന് ജയിച്ചു.  ഫിഫയുടെ ടൂർണമെന്റ് സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, മികച്ച ആക്രമണനിരയുമായാണ് അര്‍ജന്‍റീന ഫൈനലിലെത്തുന്നത്. രണ്ടാംകിരീടനേട്ടവുമായി ഇതിഹാസതുല്യമായ കരിയറിന് ഹംസഗാനം പാടന്‍ മെസി എത്തുമ്പോള്‍ സ്വര്‍ണയുഗാരംഭം കുറിക്കാനാണ് 19 കാരന്‍ ലമീന്‍ യമാലും റോഡ്രിയും കളത്തിലിറങ്ങുന്നത്.സമയം ആര്‍ക്കൊപ്പമെന്നറിയാന്‍ കുറച്ചുസമയം മാത്രം