അര്‍ജന്‍റീനയുടെ ലോകകപ്പ് നേട്ടത്തേക്കാള്‍ മെസിയുടെ അവസാന മല്‍സരമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുപ്പത്തൊന്‍പതുകാരനായ മെസി അടുത്ത ലോകകപ്പിന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആരാധകര്‍ കുറവാണ്.
One Last Dance... ലോകകപ്പിന് മുന്‍പേ പ്രചാരം നേടിയ ഈ പ്രയോഗം ശരിയാണെങ്കില്‍ തന്‍റെ അവസാന ആട്ടത്തിനായി അദ്ദേഹം ബൂട്ട് കെട്ടുകയാണ്. പുല്‍മൈതാനങ്ങളെ ഇടംകാല്‍ മാജിക്കുകൊണ്ട് തീപിടിപ്പിച്ച മഹാമാന്ത്രികന്‍റെ അവസാനത്തെ സ്റ്റേജ്. ഈ ലോകകപ്പിലെ ഓരോ നോക്കൗട്ട് മല്‍സരവും അദ്ദേഹത്തിന് ഒരു ഫയര്‍ എസ്കേപ്പ് ജാലവിദ്യ പോലെയായിരുന്നു. കാണുന്നവരുടെ നെഞ്ചില്‍ തീ കോരിയിട്ട്, നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ ജീവന്‍ വെടിയുമെന്ന് തോന്നിപ്പിച്ചശേഷം, അവസാനനിമിഷം എതിരാളികളുടെ ചങ്ങലപ്പൂട്ടുകള്‍ തകര്‍ത്തെറിഞ്ഞ് ആകാശത്തേക്ക് കൈകളുയര്‍ത്തി നില്‍ക്കുന്ന മെസി. ആവേശവും ആകാംക്ഷയും ട്വിസ്റ്റുകളും കൊണ്ട് അവസാനനിമിഷം വരെ ത്രില്ലടിപ്പിക്കുന്ന സിനിമകളായിരുന്നു ഈ ലോകകപ്പിലെ മെസിയുടെ ഓരോ മല്‍സരങ്ങളും രണ്ടുപതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറും.
ആകാശനീലയും വെള്ളയും ഇഴചേര്‍ന്ന അര്‍ജന്റൈന്‍ ജേഴ്സിയില്‍ മെസിയുടെ അവസാന ലോകകപ്പ് മല്‍സരം ആകുമോ ഇന്ന്? വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നാലുവര്‍ഷം കഴിഞ്ഞു നടക്കുന്ന ലോകകപ്പില്‍ മെസി ഉണ്ടാകുമെന്ന് ഉറപ്പുള്ള ആരാധകര്‍ കുറവാണ്. ആരാധകരെ ഉന്മാദത്തിന്റെ നെറുകയിലെത്തിച്ച ആ ഇതിഹാസം ഒരിക്കല്‍ ബൂട്ടഴിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് ഇന്നാവല്ലേ എന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.
ഈ ലോകകപ്പില്‍ അദ്ദേഹം പ്രകടിപ്പിച്ച പോരാട്ടവീര്യവും ചുറുചുറുക്കും ഒരങ്കത്തിനുകൂടി ബാല്യമുണ്ടെന്ന സ്റ്റേറ്റ്മെന്‍റാണ്. മല്‍സരഫലം എന്തായാലും വിരമിക്കാനാണ് മെസിയുടെ തീരുമാനമെങ്കില്‍, ഇന്ന് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം കൂടിയാകും. സന്തോഷങ്ങളുടെ, സങ്കടങ്ങളുടെ, ഉന്മാദത്തിന്‍റെ, വികാരവേലിയേറ്റങ്ങളുടെ ഒരു യുഗം. ഫുട്ബോളിലെ എക്കാലത്തേയും മികച്ച പ്രതിഭയുടെ പെരുങ്കളിയാട്ടങ്ങള്‍ ഇനിയും കാണാന്‍ കഴിയണേയെന്ന പ്രാര്‍ഥനയോടെ ഫൈനലിനായി കാത്തിരിക്കാം.