ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം സൈറ്റില്‍ ലഭ്യമായി. നേരത്തെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഫലം ലഭ്യമായിരുന്നില്ല. സൈറ്റുകളില്‍ സൈബര്‍ ആക്രമണമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം.
മൂന്ന് മണിക്ക് തന്നെ ഫലം സർക്കാർ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചുകൊണ്ട് പ്രഖ്യാപനം നടക്കുമെന്നുള്ളതാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, സർക്കാർ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സർക്കാർ വെബ്സൈറ്റുകളിൽ വ്യാപകമായിട്ടുള്ള സൈബർ ആക്രമണം നടക്കുന്നതിനാല്‍ റിസള്‍ട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
അതേസമയം, സർക്കാരിന്‍റെ വെബ്സൈറ്റുകളിൽ ഇങ്ങനെ വ്യാപകമായിട്ടുള്ള സൈബർ ആക്രമണം നടക്കുന്നതായി ആഭ്യന്തര വകുപ്പിനോ, സൈബർ സെല്ലിനോ വിവരമില്ല. എപ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നുള്ളത് സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. മാർച്ചിലാണ് പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്.