കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ ഔദ്യോഗിക എക്സ് പേജിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ പോസ്റ്റിട്ട വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന സമൂഹമാധ്യമ പ്രചാരണത്തില്‍ അപലപിച്ച് അഭിഭാഷക സംഘടനകള്‍ രംഗത്തെത്തി.സുപ്രീംകോടതി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ്സ് –ഓണ്‍–റെക്കോര്‍ഡ് അസോസിയേഷനും അപലപിച്ച് രംഗത്ത് എത്തി. നീതിന്യായ വ്യവസ്ഥയെ അവഹേളിക്കലാണെന്ന് വിമര്‍ശനം ഉയര്‍ന്നു
അതേസമയം, പ്രതിഷേധങ്ങളിൽ സുപ്രീം കോടതിയെ വലിച്ചിഴക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രവർത്തനങ്ങൾ നടക്കട്ടെ, എന്നാൽ സുപ്രീം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കരുത്. അഭിഭാഷകർ, കേസിലെ കക്ഷികൾ, കോടതി ജീവനക്കാർ എന്നിവരുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകാൻ പാടില്ല.
പ്രതിഷേധക്കാരോടും താൻ ഇക്കാര്യം അഭ്യർത്ഥിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധത്തിനിടെ അഭിഭാഷകരെ തടഞ്ഞുവെച്ചത് സുപ്രീം കോടതിയിൽ അഭിഭാഷക അസോസിയേഷൻ ഉന്നയിച്ചപ്പോഴാണ് പ്രതികരണം.