നാടിനെ നടുക്കിയ പാലക്കാട് നെന്‍മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്തമാരയ്ക്കുള്ള ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് (ബുധന്‍) വിധിക്കും. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സജിത കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന ചെന്താമര, തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കഴിഞ്ഞദിവസം കോടതിമുറയില്‍ പറഞ്ഞത്.

പോത്തുണ്ടി ബോയന്‍ നഗറിലെ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിഞ്ഞ ചെന്താമാര അഞ്ച് വര്‍ഷത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി ഈ കുടുംബത്തിലെ രണ്ട് പേരെ കൂടി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. 2025 ജനുവരി 27നാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും സുധാകരന്‍റെ അമ്മ ലക്ഷ്മിയെയും വടിവാളുകൊണ്ട് അതിക്രൂരമായി വെട്ടിക്കൊല്ലുന്നത്. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയാണെന്ന തരത്തില്‍ ഒരു മന്ത്രവാദി പറഞ്ഞ വാക്കുകളാണ് കുടുംബത്തോടുള്ള ഈ തീരാപകയ്ക്ക് കാരണം. 

 

സജിത കൊലക്കേസില്‍ നിലവില്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്ന പ്രതി, ഈ കേസിലും കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് ചെന്താമാരയുടെ മറുപടി. പതിവ് പോലെ ഒരു കൂസലുമില്ലാതെ ജഡ്ജിയെ തന്നെ വെല്ലുവിളിക്കുന്ന ഒരു പ്രതിയെ ആണ് കോടതിമുറിയില്‍ കണ്ടത്. അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സുധാകരന്‍റെ രണ്ട് പെണ്‍മക്കളും കോടതിക്ക് പുറത്ത് കണ്ണീരോടെ ഇക്കാര്യം പറഞ്ഞു.

  ബോയന്‍ നഗറില്‍ ഭീതിപരത്തി വിലസിയ പ്രതി ഇനി പുറംലോകം കാണരുതെന്ന് നാട്ടുകാരും ഒറ്റക്കെട്ടായി പറയുന്നു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും വടിവാളില്‍ നിന്നുള്ള ശാസ്ത്രീയ തെളിവുകളും കോടതിക്ക് മുന്നിലുണ്ട്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ കേസില്‍ മാതൃകാപരമായ വിധി തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ENGLISH SUMMARY:

The Palakkad double murder case involving Chenthamara is reaching its sentencing phase today, with the district additional sessions court set to deliver its verdict. This case has sent shockwaves through the region, and the public eagerly awaits the court's decision on the punishment.