പാലക്കാട് മഴ തീരെ കുറഞ്ഞതോടെ, മലമ്പുഴ ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നു. കുടിവെള്ള വിതരണത്തിന് പ്രതിസന്ധി ഉണ്ടാകില്ലെങ്കിലും മഴയുടെ അളവ് ഇനിയും കുറഞ്ഞാല്‍ ഡാമില്‍ നിന്ന് ജലസേചനത്തിനായി എത്തിക്കുന്ന വെള്ളത്തിന് ക്ഷാമം നേരിട്ടേക്കും.
കാലവര്‍ഷം തുടങ്ങി കഴിഞ്ഞ മാസം പാലക്കാട് ജില്ലയില്‍ ഒട്ടും മഴ ലഭിച്ചിട്ടില്ല. ഈ മാസമാകട്ടെ ഇതുവരെ നാലോ അഞ്ചോ ദിവസം മാത്രമാണ് ശക്തമായ മഴ പെയ്തത്. മലമ്പുഴ ഡാമില്‍ 105.9 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അത് 111 മീറ്റര്‍ വരെ എത്തിയിരുന്നു. 115.06 ആണ് പരമാവധി സംഭരണശേഷി. പാലക്കാട് നഗരസഭയ്ക്ക് പുറമേ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പിരായിരി, മരുതറോഡ് പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തുന്നത് ഇവിടെ നിന്നാണ്.
മഴക്കുറവ് ഉണ്ടെങ്കിലും നിലവില്‍ കുടിവെള്ള വിതരണത്തിന് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്ന് ജലസേചന വകുപ്പ് പറയുന്നത്. എന്നാല്‍ മഴ വീണ്ടും ദുര്‍ബലമായാല്‍ ഇടതു–വലതുകര കനാലുകള്‍ വഴി ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം പ്രതിസന്ധിയിലാകും. പ്രത്യേകിച്ച് വെള്ളമില്ലാത്ത ഘട്ടത്തില്‍ അത് ഒന്നാംവിള കൃഷിയെയും ബാധിച്ചേക്കാം. 40 ശതമാനം വരെ മഴക്കുറവ് ഉണ്ടാകുമെന്നാണ് ഇക്കുറി കാലാവസ്ഥാ പ്രവചനം.