പാലക്കാട് വാണിയംകുളത്ത് നിന്ന് ആറുദിവസം മുന്‍പ് കാണാതായ മൂന്നംഗ കുടുംബത്തിനായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. മാതാപിതാക്കളുമായി പിക്കപ്പ് ജീപ്പില്‍ കര്‍ണാടക അതിര്‍ത്തി കടന്ന, മകന്‍ വിഷ്ണു, പിന്നീട് ഒറ്റയ്ക്ക് കേരള അതിര്‍ത്തി ഭാഗത്തേക്ക്, വാഹനത്തില്‍ തിരിച്ചെത്തിയെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ജീപ്പിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്കര്‍, ഭാര്യ രമാദേവി, മകന്‍ വിഷ്ണു എന്നിവരെ വ്യാഴ്ച രാവിലെ മുതലാണ് വീട്ടില്‍ നിന്ന് കാണാതായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ജീപ്പ് മലപ്പുറം വഴിക്കടവിലുള്ള നാടുകാണി ചുരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി. പിക്കപ്പ് ജീപ്പ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കര്‍ണാടക അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ തിരിച്ച് കേരളത്തിലേക്ക് പിക്കപ്പ് എത്തിയപ്പോള്‍ അതില്‍ മകന്‍ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നുത്. മാതാപിതാക്കളെ എവിടെയാണ് എത്തിച്ചത് എന്ന കാര്യം ചോദ്യചിഹ്നമാണ്.
വീട്ടില്‍ നിന്ന് ഇവരെ കാണാതായ ദിവസത്തെ, പിക്കപ്പിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കര്‍ണാടക അതിര്‍ത്തി പ്രദേശവും മൈസൂരുവും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ് ഷൊര്‍ണൂര്‍ പൊലീസ്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. കുടുംബം വീട് വിട്ട് പോയത് വളരെ ആസൂത്രിതമായിരുന്നു. പാലും പത്രവും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധുവിന്‍റെ വിവാഹത്തിന് പോകുന്നു എന്ന് അയല്‍കാരോട് പറഞ്ഞാണ് ഇവര്‍ ഇറങ്ങിയത്. ഇത്രയും ആസൂത്രണം നടത്തിയ ശേഷമുള്ള ഒളിച്ചോട്ടം എന്തിനായിരുന്നു എന്ന കാര്യമാണ് ദുരൂഹമായി തുടരുന്നത്.