പത്തനംതിട്ട ചെങ്ങറ സമരഭൂമിയിലെ ജീവിതം ദുഷ്കരം എന്ന് താമസക്കാര്‍. മഴ കനത്തതോടെ കാലപ്പഴക്കമുള്ള വീടുകള്‍ തകര്‍ച്ചയിലാണ്. അതിനിടെ കാട്ടാനയുടെ ആക്രമണവും രൂക്ഷമായി. കറന്റും വെള്ളവും ഇല്ലാത്തതാണ് കടുത്ത പ്രതിസന്ധി.
കിടപ്പാടമില്ലാതെ നരകിച്ചപ്പോള്‍ സാധുജന വിമോചന വേദിയുടെ സമരത്തില്‍ പങ്കെടുത്ത് ചെങ്ങറ എസ്റ്റേറ്റില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. പിന്നെ അളന്ന് തിരിച്ച് വീട് വച്ച് താമസമാക്കി. അടുത്തിടെ സര്‍ക്കാര്‍ റേഷന്‍ കാര്‍ഡും അനുവദിച്ചു. പക്ഷേ വഴി സൗകര്യം പോലും ഇല്ലാത്ത സ്ഥലത്ത് കിട്ടിയ സാധനങ്ങള്‍ വച്ച് നിര്‍മിച്ച വീടുകള്‍ തകര്‍ച്ചയിലാണ്. കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തത് മണ്‍ കട്ട കെട്ടിയ വീടായിരുന്നു. പ്ലാവ് മറിച്ചിച്ച് ഒരു വീടിന് കേടുപാടും വരുത്തിയിരുന്നു. ഈ വീടും തകര്‍ച്ചയിലാണ്.
കഴിഞ്ഞ ദിവസം കനത്ത മഴയില്‍ ഒരു വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് വീണ് വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രദേശത്തെ പല വീടിന്‍റേയും സ്ഥിതി ഇതാണ്. കറണ്ടില്ലാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. റേഷന്‍ കാര്‍ഡ് മാത്രം കിട്ടിയത് കൊണ്ടായില്ല. കറണ്ടും വെള്ളവും കിട്ടാനുള്ള നടപടിവേണമെന്നാണ് താമസക്കാരുടെ ആവശ്യം. വഴിയില്ലാത്തതിനാല്‍ പുറത്തുനിന്നുള്ള വാഹനങ്ങള്‍ കടന്നു വരില്ല. മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തതിനാല്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലെന്നും താമസക്കാര്‍ പറയുന്നു.