ഇന്ത്യന്‍ സിനിമയില്‍ എസ്. ജാനകിയെപ്പോലെ വൈവിധ്യമാര്‍ന്ന പാട്ടുകള്‍ പാടിയ ഗായിക വേറെയില്ല. ഭാഷാ ഭേദം മാത്രമല്ല, ഭാവഭേദവും അനായാസം വരുതിയിലാക്കിയ ശാരീരമായിരുന്നു അത്. സംഗീത സംവിധായകര്‍ കോറിയിട്ട സ്വരവരകള്‍ക്ക് ജീവന്‍പകര്‍ന്നു ജാനകി.

നാദസ്വരവും കണ്ഠസ്വരവും മല്‍സരിച്ച ഗാനമാത്രം മതി എസ്. ജാനകിയെന്ന സംഗീതസമുദ്രത്തിന്‍റെ ആഴം അളക്കാനാകാത്തതാണെന്ന് മനസിലാക്കാന്‍. 1958 ല്‍ പുറത്തിറങ്ങിയ കൊഞ്ചുംചിലങ്കൈ എന്ന ചിത്രത്തിന് വേണ്ടി എം.എസ് സുബ്ബയ്യനായിഡു ഒരുക്കിയ ഈ പാട്ടില്‍ കാരക്കുറിശി അരുണാചലത്തിന്‍റെ നാഗസ്വരത്തൊടൊപ്പമാണ് ജാനകി പഠിക്കാത്ത സ്വരങ്ങളെ വരച്ചവരയില്‍ നിര്‍ത്തിയത്.

കര്‍ണാ എന്ന സിനിമയില്‍ വിദ്യാസാഗര്‍ ഈണം പകര്‍ന്ന യുഗ്മഗാനം ജാനകിയുടെ ഭാഗം പാടിറെക്കോര്‍ഡ് ചെയ്തശേഷമായിരുന്നു സ്വന്തം ഭാഗംപാടാന്‍ എസ്.പി. ബാലസുബ്രഹ്മണ്യം എത്തിയത്. ജാനകി നല്‍കിയ ഭാവം പകരാന്‍ സാക്ഷാല്‍ എസ്.പി.ബി നേരം വെളുക്കുവോളം പാടി.  അന്നത്തെ സ്റ്റുഡിയോ വാടക പോലും എസ്.പി.ബി നൽകിയെന്നാണ് കഥ. ഒരുകാലത്ത് ഏത് കാമുകിമാര്‍ക്കും ജാനകിയുടെ ശബ്ദം സൗന്ദര്യം കൂട്ടിയിരുന്നു. ഗായകര്‍ക്കുമാത്രല്ല, അഭിനേതാക്കളൊടൊപ്പം ജാനകി പാടി. കഥാപാത്രത്തിന് വയസ് എത്രയോ ആയിക്കോട്ടെ. പാടാന്‍ ജാനകി മതി. ഇന്ത്യയിലെ മറ്റൊരുഗായികയ്ക്കും ഇത്രയധികം സ്വരവൈവിധ്യം ഇത്രയും വേഗം പകരാനാകില്ല. തമിഴ് സംഗീതലോകമാണ് ജാനകിയുടെ സ്വരവൈവിധ്യം കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളതെങ്കിലും മലയാളത്തിലും രവീന്ദ്രന്‍റെ സംഗീതത്തില്‍ യേശുദാസിനൊപ്പം ജാനകി പാടിയത് ബേബി ശാലിനിക്ക് വേണ്ടിയായിരുന്നു. അതേ ജാനകിതന്നെ ക്ലാസിക്കല്‍ സ്പര്‍ശമുള്ള എത്രയോ ഗാനങ്ങള്‍ മലയാളികള്‍ക്ക് നല്‍കി. ദൈവം കയ്യൊപ്പ് ചാര്‍ത്തിയ ശാരീരം നിശ്ചലമായെങ്കിലും ആ നാദം വൈവിധ്യത്തോടെതന്നെ എന്നും അലതല്ലും.

ENGLISH SUMMARY:

S Janaki's unparalleled vocal versatility and emotional depth have cemented her legacy as a legendary playback singer in Indian cinema. Her ability to effortlessly embody diverse characters and musical styles across languages, especially in Malayalam and Tamil, makes her a true icon whose voice continues to resonate with audiences.