mlp

TOPICS COVERED

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൽപ്പകഞ്ചേരി പൊലീസാണ് അധ്യാപകൻ ബൽരാജാണ് അറസ്റ്റ് ചെയ്തത്. അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച വാർത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അധ്യാപകൻ ബൽരാജിനെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് അധ്യാപകൻ നൽകിയ വിശദീകരണം. ചൂരൽ വടികൊണ്ടുള്ള അടിയേറ്റാണ് അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞത്. കുറച്ചു ദിവസങ്ങളായി പനി ആയതുകൊണ്ട് പെൺകുട്ടി ക്ലാസിൽ എത്തിയിരുന്നില്ല. ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് കുട്ടിയെ ബോർഡിന് അടുത്തേക്ക് വിളിപ്പിച്ചത്.  കുട്ടി എഴുതാൻ കഴിയാതെ അമ്പരന്നു നിന്നതോടെ പിന്നിൽ നിന്നുവന്ന അധ്യാപകൻ ചൂരൽ വടി കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി വേദന പ്രകടമാക്കിയെങ്കിലും അതേ കൈകൊണ്ട് തന്നെ വീണ്ടും ബോർഡിൽ എഴുതിച്ചെന്നാണ് പരാതി.

കുട്ടി നിർത്താതെ കരഞ്ഞതോടെ ക്ലാസ് ടീച്ചറും അടിച്ച അധ്യാപകനും ചേർന്നാണ് വീട്ടിലെത്തിച്ചത്. പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൈക്ക് പൊട്ടലുള്ളതായി വ്യക്തമായത്. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.