വിരമിച്ചിട്ടും നക്ഷത്ര ചിഹ്നമുള്ള കാറിൽ യാത്ര ചെയ്തതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ്. താമരശേരി സ്വദേശിയുടെ പരാതിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സർക്കാരിനോടും കോടതി വിശദീകരണം തേടി. ഈ മാസം 31നകം വിശദീകരണം നൽകാനാണ് നിർദ്ദേശം. വിരമിച്ചതിനുശേഷവും കാറിൽ സ്റ്റാറുമായി തച്ചങ്കരി യാത്ര ചെയ്തത് വിവാദമായിരുന്നു.
വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം പൊലീസ് സ്റ്റേഷനിൽ ഹർജിക്കാരൻ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുക്കാതിരുന്നതോടെ സ്വകാര്യ അന്യായവുമായി താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ആവശ്യം മജിസ്ട്രേറ്റ് കോടതിയും തള്ളിയതോടെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
പരാതി യഥാവിധി പരിശോധിക്കാതെയാണ് മജിസ്ട്രേറ്റ് കോടതി തള്ളിയതെന്ന് റിവിഷൻ ഹർജിയിൽ ആരോപിച്ചു. പൊലീസ് അന്വേഷണം നടത്താൻ ഉത്തരവിടാതെ പരാതി തള്ളിയത് തെളിവ് ശേഖരിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.