കാപ്പ കേസില്‍ ജയിലിലായ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യമില്ല. വധശ്രമക്കേസിലെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി തള്ളി. നേരത്തെ
സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും അന്വേഷണത്തിനോട് സഹകരിക്കാത്തതിനാല്‍ തെളിവെടുക്കാനായിരുന്നില്ല. വെള്ളെക്കടവ് ക്ഷേത്രോൽസവത്തിനിടെയുണ്ടായ വധശ്രമ കേസിലാണ് നെടുമങ്ങാട് കോടതി സുഗതനെ നാല് മണിക്കൂര്‍ വട്ടിയൂർക്കാവ് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ സമയം എസ്.ഐ മാനസികമായി തളർത്തുന്ന മട്ടിൽ പെരുമാറിയെന്നും ശാരീരികമായി ഉപദ്രവമുണ്ടായില്ലെന്നും സുഗതൻ കോടതിയിൽ പറഞ്ഞു. പൊലീസ് കസ്റ്റഡി അനുവദിക്കും മുൻപ് വിയ്യൂരിൽ നിന്ന് വന്ന പൊലീസുകാരെ ഒഴിവാക്കി വട്ടിയൂർക്കാവ് പൊലീസ് സുഗതനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത് ഒന്നാം തിയതി കോടതി വിമർശിച്ചിരുന്നു. വട്ടിയൂർക്കാവ് ക്രൈം എസ്. ഐ.എയെ വിളിച്ച് വരുത്തിയ ശേഷമാണ് സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യമാണ് പൊലീസ് കോടതിയെ അറിയിച്ചിരുന്നതെങ്കിലും ആയുധം കണ്ടെടുക്കാനായി നാല് മണിക്കൂർ നേരത്തേക്ക് കസ്റ്റഡി അനുവദിച്ചു. തെളിവെടുപ്പിന് കൊണ്ടുപോകാനായി കോടതിക്ക് പുറത്തിറക്കിയ സുഗതനോട് പൊലീസ് ഉപദ്രവിച്ചുവോ എന്ന ചോദ്യത്തിന് പ്രതികരിച്ചില്ല.
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച് സുഗതനെ ചോദ്യം ചെയ്തെങ്കിലും അന്വേഷണസംഘത്തോട് സഹകരിച്ചില്ല. ഇതെത്തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാവാതെ സുഗതനെ കോടതിയില്‍ തിരികെ ഹാജരാക്കി.