വിഴിഞ്ഞത്ത് വിദേശ നിക്ഷേപത്തിനുള്ള അദാനിയുടെ  അപേക്ഷയില്‍  സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് വൈകും.  നിയവകുപ്പിന്‍റെ ഉള്‍പ്പടെ ഉപദേശം തേടിയതിന് ശേഷമാവും മേല്‍നോട്ടസമിതി തീരുമാനമെടുക്കുക. പഴയമുഖ്യമന്ത്രിക്ക്  കൂറെകാര്യങ്ങള്‍ കൂടി അറിയാമെന്നും ഫയലുകള്‍ പരിശോധിക്കട്ടേ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തൻ്റെ അറിവെന്ന് ശശി തരൂര്‍ എം പി പ്രതികരിച്ചു.

വിഴിഞ്ഞം നിക്ഷേപമിറക്കാന്‍ ലക്ഷ്യമിടുന്ന എം എസ് സി കമ്പനിക്ക് ആദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരി കൈമാറാനുള്ള അപേക്ഷയില്‍ എല്ലാ വശങ്ങളും പരിശോധിച്ചാവും സര്‍ക്കാര്‍ തീരുമാനമെടുക്കുക. നിയമവശങ്ങള്‍ ഉള്‍പ്പടെ നോക്കിയുള്ള കര്‍ശന പരിശോധന വേണമെന്ന്  ചീഫ് സെക്രട്ടറി ചെയര്‍മാനായ മേല്‍നോട്ടസമിതിക്ക്  മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ഒരു മാസം മാത്രമേ ആയൊള്ളു സര്‍ക്കാര്‍ വന്നിട്ടെന്നും ഫയല്‍ പഠിക്കട്ടേ എന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പഴയ മുഖ്യമന്ത്രിക്ക് കുറെക്കാര്യങ്ങള്‍ അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

അദാനിയുടെ കേരളത്തിലേക്കുള്ള വരവിന് വഴിയൊരുക്കിയ ശശി തരൂരിന്  എംഎസ് സി മാത്രമല്ല  ഭാവിയിൽ വിവിധ കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വരണമെന്ന നിലപാടാണുള്ളത്. തുറമുഖത്തിൻ്റെ വളർച്ച ആവശ്യമാണെന്നും എന്നാല്‍ നിയമങ്ങള്‍ പാലിച്ചുവേണമെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശ നിക്ഷേപത്തിന് അനുമതി ന‍ല്‍കിയാലും സംസ്ഥാനത്തിന്‍റെ താല്പര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് .  മേല്‍നോട്ട സമിതിയുടെ മുന്നിലുള്ള  അപേക്ഷ നിയമവകുപ്പിന് കൈമാറും. നിയമസെക്രട്ടറിയുടെയോ ആവശ്യമെങ്കില്‍  എജിയുടെയോ നിയമോപദേശം തേടിയ ശേഷമാവും മേല്‍നോട്ടസമിതി തീരുമാനമെടുക്കുക.

ENGLISH SUMMARY:

Adani's application for foreign investment at Vizhinjam port is facing a delay as the government seeks legal counsel. The oversight committee will make a decision after reviewing all aspects of the proposed share transfer from Adani Vizhinjam Port Private Limited to MSC company.