വിഴിഞ്ഞം തുറമുഖ വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍– അദാനി ബന്ധം എന്ന ആരോപണങ്ങളുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റാന്‍ അദാനി ശ്രമം നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് അത് തടഞ്ഞതെന്നും രാഗേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടനെ ദിവ്യയ്ക്ക് സ്ഥാനചലനമുണ്ടായെന്നും രാഗേഷ് കുറിച്ചു.  

'വിഴിഞ്ഞം കരാറില്‍ നിന്നും മാറിയുള്ള അദാനിയുടെ ശ്രമങ്ങളെ തടഞ്ഞ് സംസ്ഥാന താല്‍പര്യത്തിന് പ്രധാന്യം നല്‍കിയ ഉദ്യോഗസ്ഥയാണ് ദിവ്യ. അതിനാല്‍ അദാനിക്ക് അവരോട് താല്‍പര്യമുണ്ടായിരുന്നില്ല. ദിവ്യയെ തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ നീക്കമുണ്ടായി. ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്. പുതിയ മുഖ്യമന്ത്രി ചാർജ്ജെടുത്ത ഉടനെ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം ഉണ്ടായിരിക്കുന്നു' എന്നിങ്ങനെയാണ് ആരോപണം. 

വി.ഡി. സതീശന്‍ അദാനി സംഘത്തെ മംഗളൂരുവില്‍ പോയി കണ്ടതിന്‍റെ ഫലമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം. സതീശന്‍ ധനകാര്യത്തോടൊപ്പം തുറമുഖവും ഏറ്റെടുത്തത് യാദൃശ്ചികമല്ല. സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയും ആക്കി നിയമിച്ചു. പിന്നാലെ വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി കൈമാറി കൊണ്ടുള്ള കരാറിൽ അദാനി ഒപ്പിടുന്നു. ഭരണം ആർഎസ്എസിന് പണയപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ പൊതു മുതൽ അദാനിക്കും തീറെഴുതാനുള്ള എല്ലാ ഇടപാടുകളും നടന്നുകഴിഞ്ഞു എന്നും രാഗേഷ് ആരോപിച്ചു. 

ENGLISH SUMMARY:

Vizhinjam port controversy is under scrutiny following CPM leader KK Ragesh's allegations linking VD Satheesan to Adani. These claims suggest attempts to remove a key official from the port department, with accusations of political influence impacting development deals.