CMRL എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ അന്വേഷണം മുൻമന്ത്രി മുഹമ്മദ് റിയാസിലേക്കും. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിന്റെ അക്കൗണ്ടിലേക്ക് എത്തിയോ എന്നതിലടക്കമാണ് പരിശോധന. റിയാസിന്‍റെ സ്വത്തുക്കളും അക്കൗണ്ടും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ഇഡി നീക്കം.
സിഎംആർഎല്ലിന് ടി.വീണയും, എക്സാലോജിക് കമ്പനിയും എന്ത് സേവനമാണ് നൽകിയതെന്നും, അവിടെ നിന്നും ലഭിച്ച തുക എങ്ങനെ വിനിയോഗിച്ചൊന്നുമായിരുന്നു ഇഡിയുടെ പ്രധാന ചോദ്യങ്ങൾ. ഇക്കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് സാധിച്ചിട്ടില്ല. സിഎംആർഎൽ കമ്പനി വീണയ്ക്ക് നൽകിയ 2.78 കോടി രൂപ കള്ളപ്പണം ആണെന്ന് നിഗമനത്തിലാണ് ഇഡി അന്വേഷണം. ഇതിന്‍റെ ഭാഗമായാണ് പണം എവിടേക്കെല്ലാം പോയി എന്ന് ഇഡി പരിശോധിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിന്റെ അക്കൗണ്ടിലേക്ക് എത്തിയോ എന്നതിലടക്കം വിശദമായ അന്വേഷണത്തിലേക്കാണ് ഇഡി നീങ്ങുന്നത്. ഇതിന്‍റെ ഭാഗമായി റിയാസിന്‍റെ സ്വത്തുക്കളും അക്കൗണ്ടും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.
മെയ് 29ന് റിയാസിന്‍റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി റിയാസിന് സമൻസ് അയക്കാനും സാധ്യതയുണ്ട്. നേരത്തെ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഈ കാലയളവിൽ ആണ് സി.എം.ആർ.എല്ലും വീണയുമായി കരാറിൽ എത്തുന്നത്. നൽകാത്ത സേവനത്തിന് വീണയ്ക്ക് സിഎംആർഎൽ കമ്പനിയിൽ നിന്നും പണം ലഭിച്ചതായാണ് നേരത്തെ ആദായ നികുതി വകുപ്പും, SFIO യും കണ്ടെത്തിയത്. ഇക്കാലയളവിൽ കമ്പനിക്ക് സർക്കാരിൽ നിന്നും എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചോ എന്നതടക്കമാണ് ഇ.ഡി പരിശോധിക്കുന്നത്.