സിഎംആർഎൽ– എക്സാലോജിക് വിവാദ സാമ്പത്തിക ഇടപാടിൽ ടി.വീണയെ ഇ.ഡി. വീണ്ടും ചോദ്യംചെയ്യുന്നു. ഈമാസം 29ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാലുദിവസം മുന്‍പേ വീണ ഹാജരാവുകയായിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഇ.ഡി. വ്യക്തതവരുത്തും. ഇന്നലെ എസ്എഫ്ഐഒ രേഖകള്‍ ലഭിച്ച ശേഷമാണ് വീണയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.  

 

പിഎംഎൽഎ നിയമത്തിലെ സെക്‌ഷൻ 50 പ്രകാരം കക്ഷി നേരിട്ടു ഹാജരാകേണ്ട വകുപ്പിലാണു വീണയ്ക്കു മൂന്നാമത്തെ സമൻസും അന്വേഷണോദ്യോഗസ്ഥൻ അയച്ചത്. 12 നു ഹാജരാകാനുള്ള ആദ്യ സമൻസിൽ അവധി അപേക്ഷ നൽകി വീണ വിട്ടുനിന്നു. അഭിഭാഷകൻ മുഖാന്തരം രേഖകൾ സമർപ്പിക്കാമെന്ന വീണയുടെ ആവശ്യം ഇ.ഡി തള്ളി. 

 

തുടർന്നു നൽകിയ രണ്ടാമത്തെ സമൻസിലാണു കഴിഞ്ഞ 17നു ഹാജരായി മൊഴി രേഖപ്പെടുത്തിയത്. ഇതിനു തുടർച്ചയായി വീണയുടെ തിരുവനന്തപുരത്തെ ബാങ്ക് ലോക്കർ തുറന്നു പരിശോധിച്ചിരുന്നു. കേസിൽ ആദ്യ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) പിടിച്ചെടുത്ത രേഖകളുടെ പകർപ്പ് 29നു മുൻപ് ഇ.ഡിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു വീണയെ വിളിപ്പിച്ചിരിക്കുന്നത്. ഇതേ കേസിൽ സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളിൽ 2 പേരുടെ മൊഴികൾ വീണയുടെ മൊഴികൾക്കു വിരുദ്ധമാണ്. 

 

കർത്തയുടെ കുടുംബാംഗങ്ങളുടെ മൊഴികളാണു വിശ്വസനീയമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു വീണയ്ക്കു വീണ്ടും സമൻസ് നൽകിയത്.

ENGLISH SUMMARY:

T Veena is again appearing before the ED for questioning regarding the CMRL-Exalogic financial transaction. The investigation team aims to clarify the economic dealings in this high-profile case.